നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നവയാണ് നട്സ്. ബദാം, പിസ്ത, വാള്‍നട്സ്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ ഒരു പിടി നട്സുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഇവ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മിതമായി കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ തോതിന് സഹായിക്കുന്ന, ഹൃദയാരോഗ്യത്തിന് സഹായിക്കുന്നവയാണിത്. നട്സില്‍ തന്നെ ഒന്നാണ് പിസ്ത. പച്ച നിറത്തില്‍ കണ്ടു വരുന്ന ഇത് തടി കുറയ്ക്കാന്‍ ഏറെ ഉപകാരപ്രദമാണ്. ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് പിസ്ത. ഇത് ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍, കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ധാരാളം ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
പിസ്ത പോഷകഗുണം കൊണ്ട് സമ്പന്നമാണ് എന്ന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ഇതില്‍ കലോറി കുറവാണ്, കൂടാതെ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. പിസ്തയില്‍ അടങ്ങിയിട്ടുള്ള നാരുകളും പ്രോട്ടീനും സംതൃപ്തി വര്‍ദ്ധിപ്പിക്കുകയും, ഭക്ഷണം കുറച്ച് കഴിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പിസ്തയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ സമ്പുഷ്ടമായ ഉറവിടവുമാണ്. അവയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും എം ഹീമോഗ്ലോബിന്‍ രൂപപ്പെടുന്നതിനും ആവശ്യമായ ഒരു പ്രധാന പോഷകമാണ്. കൂടാതെ, പിസ്തയില്‍ അടങ്ങിയ മോണോസാചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ അളവ് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിലെ വീക്കം അകറ്റുകയും ചെയ്യും.
നട്ട്‌സുകളുടെ കാര്യം വരുമ്പോള്‍ കശുവണ്ടി, ബദാം, വാള്‍നട്ട് എന്നിവയാണ് പലര്‍ക്കും കൂടുതല്‍ ഇഷ്ടം. എന്നാല്‍ പല ആളുകള്‍ക്കും അറിയാത്ത കാര്യം, മറ്റ് നട്ട്‌സുകളെ അപേക്ഷിച്ച്, പിസ്തയിലാണ് ഏറ്റവും കുറഞ്ഞ അളവില്‍ കലോറി അടങ്ങിയിട്ടുള്ളത്. നിങ്ങളുടെ കലോറി ഉപഭോഗത്തെക്കുറിച്ച് ആകുലപ്പെടാതെ തന്നെ നിങ്ങള്‍ക്ക് ഇത് കൂടുതല്‍ കഴിക്കാന്‍ കഴിയുമെന്നാണ് ഇതിനര്‍ത്ഥം. ഒരു പിസ്ത വെറും 3 കലോറിയാണ്, ഒരു ബദാമില്‍ ഏകദേശം 10 കലോറി അടങ്ങിയിട്ടുണ്ട്. ലുട്ടിന്‍, ധാതുക്കള്‍, വിറ്റാമിന്‍ ബി എന്നിവയും പിസ്തയില്‍ കൂടുതലാണ്. ബദാം കഴിഞ്ഞാല്‍ പിസ്തയിലാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത്. കൂടാതെ, പിസ്ത കഴിക്കുന്നതിനു മുമ്പ് അതിന്റെ പുറംതൊട് നീക്കം ചെയ്ത് കഴിക്കണം.