കാലാവസ്ഥ ഒന്ന് മാറിയാൽ മതി ആദ്യം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നം തൊണ്ടവേദനയാണ് അല്ലേ. തൊണ്ടവേദനയും തൊണ്ടയിലെ വരൾച്ചയും തൊണ്ട ഒട്ടിപ്പിടിക്കലുമെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. പ്രധാനമായും കാലാവസ്ഥാ വ്യതിയാനം കൊണ്ടാണിത് ഉണ്ടാകുന്നത്. മഴക്കാലം ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അപ്പോഴേക്കും നമുക്ക് തൊണ്ടവേദനയും അലർജിയും ഉണ്ടാകുന്നത് സാധാരണമാണ്. ചിലപ്പോൾ കഠിനമായ തൊണ്ട വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം, വിഴുങ്ങാൻ ബുദ്ധിമുട്ട്, ചുമ, ചിലപ്പോൾ പനി പോലും ഉണ്ടാകാം. തൊണ്ടവേദനയുടെ കാരണങ്ങളും അതിനുള്ള പ്രതിവിധികളും നമുക്ക് കണ്ടെത്താവുന്നതേയുള്ളൂ. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും, വൈറസ് ,ബാക്ടീരിയ എന്നിവയുടെ വ്യാപനവും മഴക്കാലത്ത് തൊണ്ടവേദനയെ ഒരു സാധാരണ രോഗമാക്കി മാറ്റുന്നു. എന്നാൽ ഇവ പലപ്പോഴും അസഹനീയമായ വേദനയാണ് നമുക്ക് നൽകുക.
തൊണ്ട വേദനയുടെ കാരണങ്ങൾ
അലർജികൾ- മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന ചില രോഗങ്ങളുണ്ട്. മഴക്കാലത്തു വായുവിൽ ഈർപ്പം കൂടുന്നത് അലർജിക്കും തൊണ്ടയിലെ അസ്വസ്ഥതയ്ക്കും വേദനയ്ക്കും കാരണമാവുകയും ചെയ്യും. അലർജി പ്രശനമുള്ളവരിലും ബ്രോങ്കിയൽ ആസ്മ അല്ലെങ്കിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ഉള്ളവരിലും ഇത് ഗുരുതരമാകാറുണ്ട്. വായുവിലൂടെയുള്ള പകർച്ചവ്യാധികൾ- മലിനീകരണവും അലർജിയും ഉണ്ടാക്കുന്ന ഘടകങ്ങൾ മഴവെള്ളത്തിലൂടെ നിലത്തു പതിക്കുന്നു. ഇതെല്ലാം തൊണ്ടയെ ബാധിക്കുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആസിഡ് റിഫ്ലക്സ് ഭക്ഷണക്രമത്തിലെ മാറ്റങ്ങളും എരിവും എണ്ണയും വറുത്തതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും മഴക്കാലത്ത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം വഷളാക്കും. ഇത് മൂലം രൂപപ്പെടുന്ന ആസിഡ് തൊണ്ടയിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും തൊണ്ടവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
തൊണ്ടവേദനയ്ക്കുള്ള വീട്ടുവൈദ്യങ്ങൾ ; ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക – തൊണ്ടവേദന നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ അൽപ്പം ആശ്വാസം ലഭിക്കാനുള്ള എളുപ്പവഴിയാണിത്. ഒരു ടീസ്പൂൺ ഉപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച് തൊണ്ടയിലേക്ക് ഗാർഗിൾ ചെയ്യുക. ദിവസത്തിൽ പല പ്രാവശ്യം ഗാർഗിൾ ചെയ്താൽ തൊണ്ടവേദനയ്ക്ക് ശമനം കിട്ടും.
തേനും ചൂടുവെള്ളവും ; ഒരു ടേബിൾ സ്പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ കലർത്തി കുടിക്കുക. തൊണ്ടയിലെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തേനിനുണ്ട്. അതിനാൽ ഇത് തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകും.
അധികം സംസാരിക്കാതിരിക്കുക ; ഉച്ചത്തിൽ സംസാരിക്കുന്നത് തൊണ്ടയെ കൂടുതൽ പ്രകോപിപ്പിക്കും.അതിനാൽ തൊണ്ടയ്ക്ക് വിശ്രമം കൊടുക്കുന്നത് തൊണ്ടവേദനയെ വേഗത്തിൽ കുറയ്ക്കും.