ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. ഇന്ന് ഗവര്‍ണറെ കണ്ട് രാജി നല്‍കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിലേറെയും റാവത്തിന്റെ പ്രവര്‍ത്തനത്തോട് താല്‍പ്പര്യം കാണിക്കാത്തതാണ് രാജിയിലെത്തിച്ചതെന്നാണ് സൂചന. നാളെ രാവിലെ 10 മണിക്ക് എല്ലാ ബി.ജെ.പി എം.എല്‍.എമാരും പാര്‍ട്ടി ആസ്ഥാനത്ത് ഒത്തുചേരും. റാവത്ത് തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ വസതിയിലെത്തി കാണാന്‍ റാവത്തിന് നിര്‍ദേശം ലഭിച്ചിരുന്നു. അതുപ്രകാരം ചര്‍ച്ച നടന്നതായാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) എന്നിവരുമായി നദ്ദ രണ്ടു റൗണ്ട് കൂടിക്കാഴ്ചക്കു ശേഷമായിരുന്നു റാവത്തുമായി സംഭാഷണം. നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു പറ്റം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എല്‍.എമാരും റാവത്തിന്റെ രീതികളില്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസും റാവത്തിനൊപ്പമില്ല.
ത്രിവേന്ദ്ര സിങ് റാവത്തിന്റെ പകരക്കാരനായി ധന്‍ സിങ് റാവത്ത് ആണ് പ്രധാനമായി പരിഗണിക്കപ്പെടുന്നത്. കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാല് നിഷാങ്ക്, അജയ് ഭട്ട്, അനില്‍ ബലൂനി എന്നിവരും പട്ടികയിലുണ്ട്.