ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി വൈകി ഗര്‍വണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് നല്‍കി. ബി ജെ പി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി മൂന്നുദിവസം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ഇത്.
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മാര്‍ച്ചിലാണ് ത്രിവേന്ദ്ര സിങ് റാവത്തിനുപകരം തിരാഥ് സിങ്ങിനെ മുഖ്യമന്ത്രിയായി ബി ജെ പി ദേശീയ നേതൃത്വം നിയോഗിച്ചത്. ഭരണപരാജയവും ബി ജെ പി ഉള്‍പ്പോരും മറയ്ക്കാനായിരുന്നു ശ്രമം. നാലു മാസം കഴിഞ്ഞിട്ടും എം എല്‍ എയാകാന്‍ കഴിയാത്തതും നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതും തിരാഥ് സിങ്ങിനെ ഭരണഘടന പ്രതിസന്ധിയിലാക്കിയിരുന്നു. ഒപ്പം സംസ്ഥാന ബി ജെ പിയിലെ കടുത്ത ആഭ്യന്തരകലഹവും കാരണമായി.
എം പിയായ തിരാഥ് സിങ്ങിന് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ സെപ്റ്റംബര്‍ പത്തിനകം നിയമസഭാംഗമാകണം. ഗംഗോത്രി, ഹല്‍ദ്വാനി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി അവശേഷിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നുവെയ്ക്കാം. അടുത്ത മാര്‍ച്ച് 23 വരെ മാത്രമാണ് നിയമസഭാ കാലാവധി. തിരാഥിന്റെ എതിരാളികളായ സത്പാല്‍ മഹാരാജ്, ധന്‍സിങ് റാവത്ത് എന്നിവരും ഡല്‍ഹിയില്‍ നേതൃത്വവുമായി ചര്‍ച്ച നടത്തി. തിരാഥ് സിങ് ഒഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാമെന്ന് ഇവര്‍ പറയുന്നു. മാര്‍ച്ചില്‍ തഴയപ്പെട്ടവരാണ് രണ്ടുപേരും.