റാന്നി : നിര്‍മ്മാണത്തിലിരിക്കുന്ന പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഉതിമൂട് വലിയ കലുങ്ക് ഭാഗത്തെ കനാലിന് മുകളിലൂടെ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയ്ക്ക് ഉറപ്പുനല്‍കി. ഈ ഭാഗത്തെ റോഡിനു മുകളിലൂടെയാണ് പമ്പാ ഇറിഗേഷന്‍ പദ്ധതി ജലസേചനത്തിനായി നിര്‍മ്മിച്ചിരിക്കുന്ന കനാല്‍ പോയിരിക്കുന്നത്.
റോഡ് ഇവിടെ പരമാവധി താഴ്ത്തി നിര്‍മ്മിച്ചാലും കനാലിന്റെ അടിയിലെ ഉയരം 4.2 മീറ്റര്‍ മാത്രമേ ലഭിക്കൂ. ഇപ്പോഴത്തെ വലിയ കണ്ടെയ്‌നര്‍ ലോറികള്‍ക്ക് 4.8 മുതല്‍ 5 മീറ്റര്‍ വരെ ഉയരം ഉണ്ട്. റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതോടെ മലയോര മേഖലയിലെ പ്രധാന പാതയായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാത മാറും. വലിയ കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുള്ള ലോറികള്‍ പിന്നീട് ഇതു വഴിയാകും പോകുക. എന്നാല്‍ ഉതിമൂട്ടിലെ വലിയ കലുങ്കില്‍ താഴ്ന്നു നില്‍ക്കുന്ന കനാല്‍ ഒരു പ്രതിബന്ധമാകും.
റോഡ് കൂടുതല്‍ താഴ്ത്തിയാല്‍ തൊട്ടടുത്തുകൂടെ ഒഴുകുന്ന തോട്ടിലെ വെള്ളം റോഡിലേക്ക് കയറും എന്ന പ്രശ്‌നവുമുണ്ട്. ഇത് പരിഹരിക്കണമെങ്കില്‍ കനാലിന്റെ മുകളിലൂടെ ഇത്തരം വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ ഒരു ഫ്‌ളൈഓവര്‍ നിര്‍മ്മിക്കേണ്ടി വരും. അല്ലെങ്കില്‍ ബദലായ എന്തെങ്കിലും മാര്‍ഗം സ്വീകരിക്കേണ്ടി വരും. ഇക്കാര്യമാണ് എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.