പത്തനംതിട്ട : ഉത്ര വധ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സൂരജിനെ മാത്രം പ്രതിയാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവർക്കു പങ്കുള്ളതായി പറയുന്നില്ല. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടിത്തകാരൻ സുരേഷിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
300 രേഖകളും 252 സാക്ഷികളും ഉൾപ്പെടെ 1000 പേജുള്ള കുറ്റപത്രത്തിൽ കൊലപാതകം, വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്. ഗാർഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കും. കൊട്ടാരക്കര റൂറൽ എസ്പി എസ്. ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്.
ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണു പറക്കോട്ടെ വീട്ടിൽ ഉത്രയെ കടിച്ചതെന്നു സൂരജ് അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി 29-ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയിൽ കണ്ടതും ഇതേ അണലിയാണ്. ഉത്ര ഈ പാമ്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസിൽ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാൽ പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയിൽ വെച്ചു.
ഈ പാമ്പിനെ മാർച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റതു മുറിയിൽ വെച്ചാണെന്നു കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അവർ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി.