പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.40ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.45ന് ജില്ലാ പോലീസ് മേധാവിയുടെ ആഗമനം. 8.50ന് ജില്ലാ കളക്ടറുടെ ആഗമനം. ഒന്‍പതിന് മുഖ്യാതിഥിയുടെ ആഗമനം. മുഖ്യാതിഥി സല്യൂട്ട് സ്വീകരിക്കും. മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം. 9.10ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. 9.20ന് ദേശീയഗാനത്തോടു കൂടി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സമാപിക്കും.
പ്രത്യേക ക്രമീകരണങ്ങള്‍:
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷപരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 പേര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയം കവാടത്തില്‍ ക്രമീകരിച്ചിരിക്കുന്ന തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാകണം. കൈകള്‍ അണുവിമുക്തമാക്കണം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. ലഘുഭക്ഷണം, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടി, തോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു.