ഡെറാഡൂണ്‍: കോവിഡ് രണ്ടാം തരംഗത്തിനിടയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ ഉടനീളം ഒന്‍പത് വയസ്സിന് താഴെയുള്ള ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നു. രണ്ടാഴ്ചയ്ക്കിടയില്‍ 1618 കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. ചില കുട്ടികളുടെ അവസ്ഥ വഷളായതോടെ ഉടന്‍ തന്നെ അവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 2,131 കുട്ടികള്‍ക്ക് മാത്രമാണ് അണുബാധയുണ്ടായത്. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 15 വരെ 264 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 30 വരെ 1,053 കേസുകളും മെയ് 1 മുതല്‍ മെയ് 14 വരെ 1,618 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച് ഏഴ് മടങ്ങ് കൂടുതലാണ് ഉത്തരാഖണ്ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു ലക്ഷത്തില്‍ 771 കേസുകളാണ് ഉള്ളതെന്ന് സോഷ്യല്‍ ഡവലപ്മെന്റ് ഫോര്‍ കമ്യൂണിറ്റീസ് ഫൌണ്ടേഷന്‍ (എസ്ഡിസിഎഫ്) പ്രസിഡന്റ് അനൂപ് നൌട്ടാല്‍ പറഞ്ഞു.
കേസുകള്‍ തടസ്സമില്ലാതെ ഉയരുമ്പോള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡില്‍ 79,379 കൊറോണ വൈറസ് കേസുകളും 4,426 പേര്‍ മാരകമായ രോഗം മൂലം മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.