കൊല്ലം : ഉത്രയുടെ കൊലപാതകത്തില്‍ പ്രതി സൂരജിന്റ അച്ഛന്‍ സുരേന്ദ്രനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നേരത്തെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലങ്ങള്‍ അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജും മൊഴി നല്‍കിയിരുന്നു.
അതേസമയം ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചത് സൂരജിന്റെ അമ്മ രേണുകയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കി. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പത്തു മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനാലാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.