കൊല്ലം : ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്രയുടെ വീട്ടുകാര്‍ക്ക് കുട്ടിയെ കൈമാറി. അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകന്റെ സംരക്ഷണാവകാശ തര്‍ക്കത്തില്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ പൂര്‍ത്തിയായി. ഉത്രയുടെ വീട്ടുകാര്‍ക്ക് ഒന്നര വയസ്സുള്ള കുട്ടിയെ സൂരജിന്റെ കുടുംബം കൈമാറി. കുട്ടിയെയും സൂരജിന്റെ മാതാവിനെയും കാണ്മാനില്ലെന്നു പറഞ്ഞെങ്കിലും പോലീസ് ഇടപെടലില്‍ സമീപത്തെ ബന്ധുവീട്ടില്‍ കുട്ടിയുണ്ടെന്നും കൈമാറാന്‍ തയ്യാറാണെന്നും അറിയിച്ചു. ഒടുവില്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് സൂരജിന്റെ വീട്ടുകാര്‍ക്ക് പാലിക്കേണ്ടിവന്നു.
കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രിയില്‍ ഒന്നര വയസുകാരനെ കൊണ്ടുപോകാന്‍ സിഡബ്യുസി ഉത്തരവുമായി പോലീസും ഉത്രയുടെ ബന്ധുക്കളും അടൂര്‍ പാറക്കോട്ടെ വീട്ടില്‍ എത്തിയെങ്കിലും സൂരജിന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുട്ടിയെ സൂരജിന്റെ അമ്മയ്‌ക്കൊപ്പം വീട്ടില്‍നിന്ന് മാറ്റിയിരുന്നു. ഉത്രയുടെ വീട്ടുകാര്‍ സൂരജിന്റെ വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അതിന് ഉത്രയുടെ അച്ഛന്‍ തയാറായില്ല. അഞ്ചല്‍ പോലീസെത്തി കുട്ടിയെ ഏറ്റുവാങ്ങി. സൂരജിന്റെ പിതാവ് സുരേന്ദ്രനൊപ്പം കുട്ടിയെ അഞ്ചലിലേക്ക് കൊണ്ടുപോയി.