ഉത്തരാഖണ്ഡിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്ന സഞ്ചാരികളെ, ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത. യാത്രാ ചിലവിൽ നിന്നും ഒരു ഐറ്റം വേഗം ഒഴിവാക്കി യാത്രകൾ കൂടുതൽ ലാഭകരമാക്കാം. ഇപ്പോഴിതാ, ഇന്ത്യയിൽ നിന്നുള്ള പർവ്വതാരോഹകർക്ക് ഉത്തരാഖണ്ഡിലെ പർവ്വതങ്ങൾ കയറുന്നതിനുള്ള ഫീസ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്. സംസ്ഥാനത്തെ സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ തീരുമാനം. മലകയറ്റത്തിനും ട്രെക്കിങിനും പ്രസിദ്ധമായ നന്ദ ദേവി,നന്ദാദേവി, പഞ്ചചൂലി III, ത്രിശൂൽ III, മുകുത് പർബത്ത്, ഭാഗീരഥി III, ഗംഗോത്രി III, സതോപാന്ത്, ശിവലിംഗ്, വാസുകി പര്‍ബത്, ഹതി പര്‍ബത് തുടങ്ങിയ പർവ്വതങ്ങളിലേക്ക് കയറുന്നതിനുള്ള ഫീസാണ ഒഴിവാക്കിയിരിക്കുന്നത്.
ശ്രീകാന്ത, വാസുകി പർബത്ത്, കാമറ്റ്, ഹാത്തി പർബത്ത്, ദുനഗിരി, ചൗകംഭ IV (റൂട്ട് 1, 11) തുടങ്ങിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പർവ്വതത്തിന്റെ ഉയരം അനുസരിച്ച് ഏകദേശം മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെയാണ് നേരത്തെ ട്രെക്കിങ് ഫീസ് ആയി ഈടാക്കിയിരുന്നത്. നേരത്തെ 6,500 മീറ്റർ വരെ ഉയരമുള്ള പർവ്വതം കയറാൻ 3,000 രൂപയായിരുന്നു ഫീസ്. 6,500 മുതൽ 7,000 മീറ്റർ വരെയുള്ള കൊടുമുടികൾക്ക് 4,000 രൂപയും 7,001 മീറ്ററും അതിൽ കൂടുതലും ഉയരമുള്ളവയിലേക്ക് ഇന്ത്യൻ പർവതാരോഹകർക്ക് 6,000 രൂപയും ഈടാക്കിയിരുന്നു. വിദേശ പർവ്വതാരോഹകർക്ക് ഇത് യഥാക്രമം 20,000 , 25,000 40,000 രൂപ എന്നിങ്ങനെയാണ്.
ഉത്തരാഖണ്ഡ് വനംവകുപ്പും ഇന്ത്യൻ മൗണ്ടെയ്നറിങ് ഫൗണ്ടേഷനും (ഐഎംഎഫ് ) ചേർന്നായിരുന്നു നേരത്തെ ട്രെക്കിക്ക് ഫീസ് പിരിച്ചിരുന്നത്. ഇനി മുതൽ ഐഎംഎഫ് ഈടാക്കുന്ന ഫീസ് ടൂറിസം വകുപ്പ് അടയ്ക്കും, അതേസമയം തങ്ങളുടെ ഫീസ് ഒഴിവാക്കിയതായും ഉത്തരാഖണ്ഡ് വനംവകുപ്പ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേ സമയം വിദേശ പർവ്വതാരോഹകർക്ക് ഫീസ് അടയ്ക്കേണ്ടി വരും. മാത്രമല്ല, ഇന്ത്യൻ സഞ്ചാരികൾക്ക് ഫീസിൽ മാത്രമേ ഇളവുള്ളൂ. പർവ്വതാരോഹണത്തിന് മുൻപുള്ള അപേക്ഷ സമർപ്പിക്കലും മുൻകൂർ അനുമതിയും മറ്റു നിയമങ്ങളും അതേപടി നിലനിൽക്കുന്നു. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പാണ് പർവ്വതാരോഹണത്തിനുള്ള അനുമതി നല്കേണ്ടത്. രാജ്യത്തിനകത്തും പുറത്തും നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് സാഹസിക സഞ്ചാരികളാണ് ഈ പർവ്വതങ്ങള്‍ കീഴടക്കാനായി ഇവിടെ എത്തുന്നത്. ഫീസിളവ് വന്നതോടെ കൂടൂതൽ ഇന്ത്യൻ സാഹസിക സഞ്ചാരികൾ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പർവ്വതാരോഹണം കൂടാതെ ട്രക്കിങ്, കയാക്കിങ്ങും റാഫ്ടിങ്ങും ഉൾപ്പെടെയുള്ള വാട്ടര്‍ സ്പോട്സുകൾ എന്നിവയെല്ലാം ഇവിടെ പ്രസിദ്ധമാണ്. കാടും മഞ്ഞുമൂടിയ പർവ്വത നിരകളും അരുവികളും ഒക്കെ പിന്നിട്ടു പോകുന്ന ഇവിടുക്കെ ട്രെക്കിങ്ങുകൾക്കും ആരാധകർ ഒരുപാടുണ്ട്. ഏത് സീസണിലും ധൈര്യമാടി കടന്നുചെല്ലാം എന്നത് തന്നെയാണ് ഉത്തരാഖണ്ഡിന്‍റെ ആകർഷണം. മഴക്കാലത്ത് മൺസൂൺ ട്രെക്കിങ്ങിന് ആളുകൾ വരുന്ന വാലി ഓഫ് ഫ്ലവേഴ്സ് യാത്ര തുടരുകയാണ്. ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഹെക്ടര് കണക്കിന് വിസ്തൃതിയില്‍ പൂവിട്ടു നിൽക്കുന്ന ചെടികളാണ് കാണാനുള്ളത്.