കൊച്ചി: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിവാദ സ്വകാര്യ കമ്പനിക്കും യു.കെ. ബന്ധമുണ്ട്. സി.എ.ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദകമ്പനിക്ക് യു.കെ. ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഡി.ജി.പി. ഔദ്യോഗിക സന്ദര്‍ശനത്തിലാണോ അതോ സ്വകാര്യ സന്ദര്‍ശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരന്‍ പറഞ്ഞു. സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ഔപചാരികമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ല. പക്ഷെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിനു മുന്നിലെത്തുന്നതു പോലെ ഈ വിഷയത്തെ കുറിച്ച് ആഭ്യന്തരവകുപ്പിന് അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.