മൂവാറ്റുപുഴ : കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന് മുന്നില്‍ നട്ടെല്ല് പണയപ്പെടുത്തിയിരിക്കുകയാണന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
പാണക്കാട് തങ്ങളുടെ തീരുമാനത്തിന് മുന്നില്‍ കോണ്‍ഗ്രസിന് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതായും അദേഹം പറഞ്ഞു. പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതരായവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. നട്ടെല്ലിന്റെയല്ല നാവിന്റെ ബലംകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പിടിച്ചുനില്‍ക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മുസ്ലീം ലീഗ് നിയന്ത്രിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമോ എന്നൊരു ആശങ്ക കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മത, വര്‍ഗീയ ശക്തികള്‍ക്ക് വളംവെച്ചു കൊടുക്കുന്ന തരത്തിലായിരിക്കും ഭരണ സംവിധാനം പ്രവര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ ജോസഫ് മാഷുമാര്‍ വീണ്ടും ആവര്‍ത്തിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.