ഡൽഹി : ക്ഷേത്രങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വി. മുരളീധരൻ. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി ഒടുവിൽ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തായി അദ്ദേഹം ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തു നിന്നു തന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ് താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനു കീഴിലുളള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണ സമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ഇടതു സർക്കാർ വിശ്വാസികൾക്കെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കൾ മനസിൽ വിചാരിക്കും മുമ്പു തന്നെ മാനത്തു കാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു
വി. മുരളീധരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ശ്രീ പിണറായി വിജയൻ
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനു കീഴിലുളള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
കൊവിഡ് രോഗം നാൾക്കുനാൾ കേരളത്തിൽ കൂടുകയാണ്. സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാൻ പോലും താങ്കളുടെ സർക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവിൽ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ് താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.
രാജ്യമാകമാനമുളള പൊതുമാനദണ്ഡമാണ് കേന്ദ്ര സർക്കാരിറക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാരാണ്. താങ്കളുടെ ഭരണകൂടത്തിന്റെ ചുമതലയാണത്. കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കിൽ ക്വാറന്റീൻ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ല? 14 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ വേണമെന്ന മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ വെളളം ചേർത്തത് ആരും തിരിച്ചറിയില്ല എന്ന് കരുതരുത്.
കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മന:പൂർവം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സർക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങൾ തുറക്കേണ്ടന്ന് ദേവസ്വം ബോർഡിന്റെ പരിധിയിൽ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികൾ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കൾ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല ഇവിടെവീഴുന്ന കാണിക്കയിൽ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടൊന്നേ പറയാനുള്ളൂ… ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രങ്ങൾ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസർക്കാർ ഉടൻ പിൻവലിക്കണം.
കേരളത്തിലെ ഇടതുസർക്കാർ വിശ്വാസികൾക്കെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കൾ മനസിൽ വിചാരിക്കും മുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയണം ! മുഖ്യമന്ത്രിയെന്ന നിലയിലുളള അന്തസും മാന്യതയും താങ്കൾ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയല്ല കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കൾ സ്വയം തിരിച്ചറിയണം.