ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ ഉപവാസ സമരം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിൽ ഉപവസിക്കുന്നത്. സ്വർണക്കടത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി.എസ്.മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. കള്ളക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തണലൊരുക്കുകയാണെന്ന് വി.മുരളീധരൻ ആരോപിച്ചു. കള്ളക്കടത്തിൽ പങ്കാളിയായ പ്രിൻസിപ്പൽ സെക്രട്ടറിയെ 12 ദിവസം മുഖ്യമന്ത്രി സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ് അല്ലങ്കിൽ കഴിവില്ലായ്മയാണ്. പ്രിൻസിൽ സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് കുടുംബാംഗങ്ങളുമായുള്ള ബന്ധം മൂലമാണെന്നും വി.മുരളീധരൻ ആരോപിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഉപവാസസമരം നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും സംസ്ഥാന നേതാക്കളും ഉപവാസ സമരത്തിൻ്റെ ഉദ്ഘാടനത്തിൽ വിർച്വലായി പങ്കെടുത്തു. ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് കൊല്ലം ജില്ലയിൽ ബിജെപി പ്രവർത്തകരുടെ വിർച്വൽ റാലി സംഘടിപ്പിക്കുന്നുണ്ട്.