കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം ഒരു ടേബിൾ ടോപ് വിമാനത്താവളമായതിന്റെ ബാക്കിയാണ് ഈ അപകടമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മംഗലാപുരത്തുണ്ടായതിനു സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്.
റൺവേ ഉയരത്തിൽ നിൽക്കുകയും റൺവേ കഴിഞ്ഞുള്ള പ്രദേശം താണു കിടക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഹാർഡ് ലാൻഡിങ് ഇത്രവലിയ അപകടമുണ്ടാക്കിയത്. വിമാനം റൺവേയിൽനിന്ന് തെന്നി മുന്നോട്ട് പോയെന്നാണ് അറിഞ്ഞത്. മതിലു കഴിഞ്ഞ് താഴേയ്ക്ക് മൂക്കുകുത്തി വീണതിനാലാണ് മുൻഭാഗം പിളർന്ന് ക്യാബിന്റെ ഭാഗം തകരാറിലായത്. മഴക്കാലത്ത് ടേബിൾ ടോപ് വിമാനത്താവളങ്ങളിലുണ്ടാകുന്ന ഗൗരവമായ സാഹചര്യമാണ് ഇത്. കോഴിക്കോട് വിമാനത്താവളത്തിൽ മഴക്കാലത്ത് ഇറങ്ങിക്കഴിഞ്ഞാൽ ഇറങ്ങി എന്നു പറയാവുന്ന അവസ്ഥയാണ് ഉള്ളതെന്നും മുരളീധരന്‍ പറഞ്ഞു.