മുംബൈ : മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരന്റെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. ഇത്തവണയും മഹാരാഷ്ട്രയിൽനിന്നുതന്നെ അദ്ദേഹം രാജ്യസഭയിലേക്ക് എത്തുമെന്നാണ് ബി.ജെ.പി.വൃത്തങ്ങൾ നൽകുന്ന സൂചന. മഹാരാഷ്ട്രയിൽനിന്നുള്ള ആറ്‌് രാജ്യസഭാ എം.പി.മാരാണ് ഏപ്രിൽ രണ്ടിന് വിരമിക്കുന്നത്. ഇവരുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനവാരം വന്നേക്കും.
കേന്ദ്രമന്ത്രിമാരായ നാരായൺ റാണെ, വി. മുരളീധരൻ, മുതിർന്ന ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കർ, ശിവസേനാ നേതാവ് അനിൽ ദേശായ്, എൻ.സി.പി.യിൽനിന്നുള്ള വന്ദന ചവാൻ, കോൺഗ്രസ് പ്രതിനിധിയും മുതിർന്ന പത്രപ്രവർത്തകനുമായ കുമാർ കേത്കർ എന്നിവരുടെ കാലയളവാണ് ഏപ്രിൽ രണ്ടിന് കഴിയുന്നത്.