തിരുവനന്തപുരം : ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളില്‍ സ്‌കൂള്‍ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളില്‍ സമൂഹമാകെ അണിചേരണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 21 മുതല്‍ സ്‌കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. ഫര്‍ണിച്ചറുകള്‍ക്ക് ക്ഷാമമുള്ള സ്‌കൂളുകളില്‍ അവ എത്തിക്കാനും സ്‌കൂള്‍ ബസുകള്‍ സജ്ജമാക്കാനും സഹായമുണ്ടാകണം.
സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി-യുവജന-തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചു. സ്‌കൂള്‍ പൂര്‍ണസജ്ജമായി പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി മന്ത്രി ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു. നാളെ വൈകീട്ട് നാലു മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.