തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ വാക്സിന്‍ എടുത്ത മലയിന്‍കീഴ് സ്വദേശിയായ 25 കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചത്. ഇതേത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ആലപ്പുഴയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 28നാണ് കരുവാറ്റയില്‍ 65 കാരന് രണ്ടാം ഡോസ് വാക്സിന്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ കുത്തിവെക്കുകയായിരുന്നു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അശ്രദ്ധ ഉണ്ടായ കാര്യം ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു.