ദില്ലി : രാജ്യത്തെ കൊവിഡ് വാക്സീൻ കയറ്റുമതി നയം പാളിയെന്ന് റിപ്പോർട്ട്. വാക്സീൻ കയറ്റി അയച്ചത് ഇന്ത്യയേക്കാൾ വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാക്സീൻ കിട്ടിയ 88 രാജ്യങ്ങളിൽ 64 രാജ്യങ്ങളിലും രോഗ വ്യാപനനിരക്ക് ഇന്ത്യയേക്കാൾ കുറവായിരുന്നു. രാജ്യത്ത് വാക്സീൻ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കയറ്റുമതി നിർത്തണമെന്ന് ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് റിപ്പോർട്ട്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 4,03,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,092 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. 37,36,648 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്.