ചെങ്ങന്നൂര്‍: എം.സി റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഉടമയെ കത്തികാട്ടി സ്വര്‍ണവും ക്യാമറയും കാറും തട്ടിയെടുത്ത കേസിലെ പ്രതി വടിവാള്‍ വിനീതിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് ചെങ്ങന്നൂരില്‍ എത്തിച്ചു.
വള്ളികുന്നം മുളയ്ക്കക്കവിളയില് ശ്രീപതിയുടെ (28) കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടിയ ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ ജങ്ഷന് സമീപമുള്ള തേരകത്ത് പടിയില്‍ പ്രതിയെ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ചെങ്ങന്നൂര്‍ പോലീസ് തെളിവെടുപ്പിന് എത്തിച്ചത്.
വീഡിയോഗ്രാഫറായ വള്ളികുന്നം മുളയ്ക്കക്കവിളയില് ശ്രീപതിയുടെ കാറാണ് തട്ടിയെടുത്തത്. കഴിഞ്ഞ 12ന് പുലര്‍ച്ചെയായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി ചങ്ങനാശ്ശേരി മുതല്‍ 12 കി.മീ. ദൂരം പിന്തുടര്ന്നാണ് കാര്‍ ചെങ്ങന്നൂരില്‍ തടഞ്ഞ് അക്രമം കാട്ടിയത്. കാര്‍ തട്ടിയെടുത്തശേഷം ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും അപഹരിച്ചശേഷം കാര്‍ ഓടിച്ച് കടപ്രയ്ക്കടുത്തുള്ള നിരണത്ത് ഇറക്കിവിട്ടശേഷം കടന്നുകളയുകയായിരുന്നു.കാര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപമാണ് കണ്ടെത്തിയത്.