മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാനായി വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം പകരുന്ന കാഴ്ചകളാണ് കോലാഹലമേട്ടിലെ ഗ്ലാസ്സ് ബ്രിഡ്ജ് ഒരുക്കുന്നത്. ഒരിക്കലെങ്കിലും ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ കാണണമെന്ന ആഗ്രഹവുമായി നിരവധി പേരാണ് ഈ കണ്ണാടി പാലത്തിലേക്ക് ഒഴുകുന്നത്. കഴിഞ്ഞ ഞായറാഴ്ച ഏകദേശം 6500 ഓളം പേരായിരുന്നു ഇവിടെ ഗ്ലാസ് ബ്രിഡ്ജ് കാണാൻ എത്തിയത്. എന്നാൽ ഇത്രയും അധികം പേരെ ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തിൽ കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശനത്തിരക്ക് നിയന്ത്രിക്കാൻ ടിക്കറ്റിൽ പ്രവേശന സമയം ഉൾപ്പടെ രേഖപ്പെടുത്തുന്ന രീതി അവലംബിച്ചിരിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.
സുരക്ഷകാരണങ്ങളാൽ ഒരേ സമയം 15 പേരെ മാത്രമാണ് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിപ്പിക്കുക. 7 മിനിറ്റ് വരെയാണ് ഒരാൾക്ക് അനുവദിക്കുക. ഇതോടെ സഞ്ചാരികൾ ദീർഘനേരം കാത്തു നിൽക്കേണ്ട അവസ്ഥായാണ് വരുന്നത്. അവധി ദിവസങ്ങളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് കണ്ണാടിപ്പാലത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക സമയം ഓരോരുത്തർക്കും അനുവദിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പാലത്തിലേക്ക് പ്രവേശിക്കാനാകുക. ഇവിടെ വന്ന് ടിക്കറ്റെടുക്കുന്നവർക്ക് പാലത്തിലേക്ക് കയറുന്നതിനുള്ള സമയം ടിക്കറ്റിൽ രേഖപ്പെടുത്തി നൽകും. ആദ്യം വരുന്ന 1000 പേർക്കായിരിക്കും ടിക്കറ്റ് നൽകുക. സമയമാകുമ്പോൾ മാത്രം ഇവർക്ക് പാലത്തിനരികിലേക്ക് പോയാൽ മതിയാകും. രാവിലെ 9 മുതലാണ് ടിക്കറ്റുകൾ വിൽക്കുക. അതേസമയം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം കൊണ്ടുവരാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 500 രൂപയായിരുന്നു പാലത്തിലേക്കുള്ള എൻട്രി ഫീ. എന്നാൽ ഉയർന്ന ഫീസ് എന്ന പരാതി ഉയർന്നതോടെ മന്ത്രി ഇടപെട്ട് ഫീസ് 250 രൂപയാക്കി കുറച്ചിരുന്നു.
അഡ്വഞ്ചർ പാർക്കിൽ വരുന്നവർക്ക് പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഡിടിപി. കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിൾ എന്നിവ ആസ്വദിക്കാൻ 999 രൂപയുടെ സിൽവർ പാക്കേജ് ഉപയോഗപ്പെടുത്താം. ഗോൾഡ് പാക്കേജിൽ റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ എന്നിവ കൂടുതലായി ലഭിക്കും. ഇതിന് 1499 രൂപയാണ് വേണ്ടത്. പ്ലാറ്റിനം പാക്കേജും ഉണ്ട്. ഇതിൽ അഡ്വഞ്ചർ പാർക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാനാകും. 1999 രൂപയാണ് പാക്കേജിന് ഈടാക്കുന്നത്.