സര്‍ക്കാര്‍ പതിച്ചുനല്‍കിയ പട്ടയങ്ങള്‍ക്ക് വെയിസ്റ്റ് പേപ്പറിന്റെ വിലപോലുമില്ലെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു
–
ഇടുക്കി : ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ ടൗണിനോടു ചേർന്നുള്ള ഭാഗം വനഭൂമിയാക്കാൻ കരട് വിജ്‌ഞാപനം പുറത്തിറക്കി സർക്കാർ. 1238.6062 ഏക്കർ ഭൂമി സംരക്ഷിത വനമാക്കാനാണ് നീക്കം. വാഗമൺ റിസർവ്, കോലാഹലമേട് പൈൻ ഗാർഡൻ റിസർവ് എന്നീ പേരുകളിലാണ് പുതിയ സംരക്ഷിത വനങ്ങൾ വിജ്‌ഞാപനം ചെയ്തിരിക്കുന്നത്. വാഗമണ്‍ റിസര്‍വ് – വാഗമണ്‍ വില്ലേജിലെ 185/1, 837, 838, 988, 989, 990, 991, 992, 994, 997, 998, 999 എന്നീ സർവേ നമ്പറിൽ ഉൾപ്പെട്ട 1086.9482 ഏക്കര്‍ ഭൂമി. കോലാഹലമേട് പൈൻ ഗാർഡൻ റിസർവ് – വാഗമൺ വില്ലേജിലെ 990, 991, 998 എന്നീ സർവേ നമ്പറിൽ ഉൾപ്പെട്ട 151.658 ഏക്കര്‍ ഭൂമി എന്നിവയാണ് സംരക്ഷിത വനമേഖലയായി മാറുന്നത്.
2006ൽ വാഗമൺ റിസർവിന്റെ വിജ്‌ഞാപനമിറങ്ങിയിരുന്നു. എന്നാൽ ഏതെല്ലാം സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയെന്ന് രേഖപ്പെടുത്തിയിരുന്നില്ല. 2025 ഫെബ്രുവരി 15ന് സർവേ നമ്പറുകൾ ഉൾപ്പെടുത്തി പുതിയ വിജ്‌ഞാപനമിറക്കി. വിജ്‌ഞാപനത്തിൽ ഉൾപ്പെട്ട സർവേ നമ്പർ 988ലെ ഭൂമിക്ക് 1983ലും, 185/1, 837 എന്നീ സർവേ നമ്പറുകളിലെ ഭൂമിക്ക് 1993ലും പട്ടയം നൽകിയതായി പുറമ്പോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2021 മാർച്ച് 24നാണ് കോലാഹലമേട് പൈൻ ഗാർഡൻ റിസർവെന്ന പേരിൽ വിജ്‌ഞാപനം ചെയ്തത്. ഈ റിസർവ് വനത്തിൽ ഉൾപ്പെട്ട ഭൂമി 1985 മുതൽ വനം വകുപ്പിന്റെ കൈവശമുള്ള താണെന്നാണ് വിജ്‌ഞാപനത്തിൽ പറയുന്നത്. 1985 കാലഘട്ടത്തിൽ വാഗമൺ വില്ലേജിന്റെ പരിധിയിൽ വനം വകുപ്പിന് ഭൂമി കൈമാറിയതിന്റെ രേഖകൾ രജിസ്‌റ്ററിൽ ഇല്ല. 87.34 ഹെക്‌ടർ ഭൂമിക്ക് പട്ടയം നൽകിയതിന്റെ വിവരങ്ങൾ മാത്രമാണ് പുറമ്പോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ആർ.ഡി.ഒയാണ് രണ്ട് റിസർവുകളുടെയും സെറ്റിൽമെന്റ് ഓഫിസർ.
ഇടുക്കി ജില്ല വന മേഖലയാക്കുവാന്‍ രഹസ്യ നീക്കം നടക്കുന്നതായി പത്തനംതിട്ട മീഡിയ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിനെ ശരിവെക്കുന്ന വാര്‍ത്തകളും സര്‍ക്കാര്‍ നടപടികളുമാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന കോടികള്‍ കൈക്കലാക്കുന്ന ഗൂഡസംഘം കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് വിവരം. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുഖമൂടിയണിഞ്ഞ പരിസ്ഥിതി തീവ്രവാദികളാണ് ഇവര്‍. കടലാസു സംഘടനയുടെ പേരില്‍ കോടതിയില്‍ തുടര്‍ച്ചയായി കേസുകള്‍ നല്‍കി മലയോര മേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഈ പ്രദേശങ്ങള്‍ വനഭൂമിയാക്കുവാനാണ് നീക്കം. ഇവരുടെ പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥ – രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടും ഇതിനുപിന്നിലുണ്ടെന്ന് പറയുന്നു.
ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രശ്നബാധിതമാണ്. മൂന്നാര്‍, ഉപ്പുതറ, കാഞ്ചിയാര്‍ കോവില്‍മല, വാഗമണ്‍, മാങ്കുളം, അടിമാലി, പൂപ്പാറ, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ പീരുമേട് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഈ പ്രദേശങ്ങളിലെ കര്‍ഷകരും സാധാരണ ജനങ്ങളും കുടിയിറക്ക് ഭീഷണി നേരിടുകയാണ്. സര്‍ക്കാര്‍ പതിച്ചുനല്‍കിയ പട്ടയങ്ങള്‍ക്ക് വെയിസ്റ്റ് പേപ്പറിന്റെ വിലപോലുമില്ലെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ പട്ടയമേളകള്‍ സംഘടിപ്പിച്ച് ആഘോഷമായി കയ്യില്‍ വെച്ചുകൊടുത്ത പട്ടയം സര്‍ക്കാര്‍ തന്നെ റദ്ദ് ചെയ്ത് കര്‍ഷകരെ തെരുവിലേക്ക് തള്ളിയിറക്കുകയാണ്.>>> തുടരും































