കൊച്ചി : നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം സനു മോഹന്‍ അടിമുടി മാന്യനാണ്. ലവലേശം സംശയത്തിന് ഇടകൊടുക്കാതെയാണ് സനു എല്ലാവരോടും പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സനു മോഹന്റെ ചരിത്രം വളരെ ബുദ്ധിമുട്ടോടെയാണ് പോലീസ് ശേഖരിച്ചത്. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ സനു വായ്‌പ്പയെടുത്തതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നതായും തെളിവുകളുണ്ട്. ഫ്ളാറ്റില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. താമസിച്ചിരുന്ന ഫ്ളാറ്റില്‍ റസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങാന്‍ മുന്‍പന്തിയില്‍ നിന്നത് സനുവായിരുന്നു. അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന സനു എല്ലാവരുടേയും വിശ്വാസം വളരെ വേഗമാണ് നേടിയെടുത്തത്.
തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഫ്ലാറ്റിലുളളവരുടെ കൈയില്‍ നിന്ന് പലതവണ സനു പണം കടം വാങ്ങിയിരുന്നു. ഇതില്‍ ചിലര്‍ക്ക് പകരം നല്‍കിയ ചെക്ക് മടങ്ങിയെങ്കിലും നല്ലവനായ സനുവിനെ ആരും സംശയിച്ചില്ല. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഫ്ളാറ്റിലുളളവര്‍. മുംബയ് പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് സനു. അവരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടന്നത്. മുംബയില്‍ ബിസിനസ് നടത്തുമ്പോഴായിരുന്നു തട്ടിപ്പ്.
നാട്ടിലെത്തി സ്വന്തം കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും പലപ്പോഴും സനു കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തി. ഇതിനിടെയാണ് ഭാര്യയുമായും മകള്‍ വൈഗയുമായുളള സനുവിന്റെ അടുപ്പം കുറഞ്ഞത്. ഭര്‍ത്താവ് തങ്ങളോട് അകലം പാലിച്ചിരുന്നുവെന്ന് ഭാര്യ പോലീസിനോട് പറഞ്ഞിട്ടുണ്ട്.