കോന്നി : വീട്ടമ്മയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച ഒറ്റയാൻ പന്നിയെ വനംവകുപ്പ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് വെടിവെച്ച് വീഴ്ത്തി. കഴിഞ്ഞ ദിവസമാണ് അരുവാപ്പുലം കാമ്പിൽ മേലേതിൽ വീട്ടിൽ അൻപത്തിനാലുകാരിയായ നിർമ്മല കുമാരിയെ കാട്ടുപന്നി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെ വകയാറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടുപന്നിയെ കാണുകയും വനപാലകരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ വനപാലകരാണ് പന്നിയെ വെടിവെച്ച് കൊല്ലുവാൻ നിർദ്ദേശം നൽകിയത്. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ സന്തോഷ് മാമൻ എന്ന ആൾ പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
നാല് തവണ വെടിയുതിർത്തതിന് ശേഷമാണ് പന്നി ചത്തത്. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജയിംസ്, വനപാലകരായ ഷിയാദ്, ജോൺസി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി പന്നിയുടെ ജഡം മറവുചെയ്തു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ വനംവകുപ്പ് നിയമാനുസൃതം വെടിവെച്ച് വീഴ്ത്തുന്ന രണ്ടാമത്തെ കാട്ടുപന്നിയാണിത്.