പാലക്കാട് : വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാളയാര്‍ നീതി സമരസമിതി വ്യക്തമാക്കി. രണ്ടാമത്തെ കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് മുന്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജലജമാധവന്‍ പറഞ്ഞു.
വിചാരണക്കിടെ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയത് വീഴ്ചയാണ്. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും വിചാരണ നടത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. അതിനാല്‍ പുനരന്വേഷണം വേണമെന്നാണ് വാളയാര്‍ നീതിസമരസമിതിയുടെ നിലപാട്. സുപ്രീംകോടതിയെ സമീപിക്കും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ പോകാനുള്ള സാധ്യതയുമുണ്ട്.
അതെ സമയം വാളയാർ കേസിലെ ഹൈക്കോടതി വിധി സർക്കാരിന് പ്രചോദനം നൽകുന്നതാണെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. ക്രിമിനൽ നീതിന്യായ ചരിത്രത്തിലെ അപൂർവ വിധിയാണിതെന്നും മന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുരന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യവും സർക്കാർ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു