മലകള്‍ക്കും മഞ്ഞിനുമപ്പുറം സൂര്യന്‍ ഉദിച്ചുവരുന്ന കാഴ്ച. അതിരാവിലെയാണ് എത്തുന്നതെങ്കില്‍ മുട്ടുകൂട്ടിയിടിപ്പിക്കുന്ന തണുപ്പും. ഇത് ഊട്ടിയോ കൊടൈക്കനാലോ ഒന്നുമല്ല. ഇത് സ്ഥലം വേറെയാണ്. തിരുവനന്തപുരംകാരുടെ മിനി കൊടൈക്കനാല്‍ എന്നു വിളിക്കപ്പെടുന്ന വല്ലഭന്‍കുന്ന് തലസ്ഥാനത്തു നിന്ന് ഏകദിന യാത്രകള്‍ക്ക് പറ്റിയ സ്ഥലമാണ്. അധികമൊന്നും പ്രശസ്തി നേടിയിട്ടില്ലങ്കിലും കേട്ടറഞ്ഞും സമൂഹമാധ്യമങ്ങളിലെ വിവരണങ്ങള്‍ കേട്ടും എത്തുന്നവര്‍ മടങ്ങുന്നത് വല്ലഭന്‍കുന്നിന്റെയും ഇവിടുത്തെ കാഴ്ചകളുടെയും ആരാധകരായാണ്. വലിയ യാത്രയൊന്നും ചെയ്യാതെ ഒരു വൈകുന്നേരം ചെലവഴിക്കണമെന്നുള്ളവര്‍ക്ക് ഇവിടേക്ക് വരാം. ദൂരമേറിയ ട്രെക്കിങ്ങോ വെയിലിലുള്ള നടത്തമോ മടുപ്പോ ഒന്നുമില്ലാതെ പോയി വരാം എന്നതിനാല്‍ ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഇവിടം അനുയോജ്യമാണ്. വരുന്നുണ്ടെങ്കില്‍ അതിരാവിലെ സൂര്യോദയം കാണാനോ വൈകിട്ട് സൂര്യാസ്തമയം കാണാനോ കഴിയുന്ന രീതിയില്‍ എത്തണമെന്നു മാത്രം. വര്‍ക്കല താലൂക്കിന്റെ ഭാഗമായ പള്ളിക്കല്‍ പഞ്ചായത്തിലാണ് വല്ലഭന്‍കുന്ന് സ്ഥിതി ചെയ്യുന്നത്.
വാഹനത്തില്‍ വരുമ്പോള്‍ വല്ലഭന്‍കുന്ന് ഹില്‍ടോപ്പിന് താഴെ വരെ മാത്രമേ എത്താനാവൂ. ബാക്കി ദൂരം നടന്നു കയറാന്‍ കഴിയും. വെറും പതിനഞ്ച് മിനിറ്റ് സമയം മാത്രമേ ഈ നടത്തമുള്ളൂ. റബര്‍ തോട്ടങ്ങളും പാറക്കെട്ടും മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന വഴിയിലൂടെയുള്ള നടത്തം ക്ഷീണിപ്പിക്കില്ല. ഈ നടത്തം നേരേ എത്തുന്നത് വ്യൂ പോയിന്റിലേക്കാണ്. ഇവിടെ ഏതെങ്കിലുമൊരു തണ്‍ല്‍മരത്തിന്റെ ചുവട്ടില്‍ നിന്ന് പ്രദേശത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാം. ഇഷ്ടംപോലെ കാഴ്ചകളാണ് മുകളില്‍ നിന്നുള്ളത്. സൂര്യോദയമാണെങ്കില്‍ കോടമഞ്ഞിന്റെ പുതപ്പിലൂടെ സൂര്യന്‍ ഉദിച്ചുയരുന്ന് കാഴ്ച കാണാം. സ്വര്‍ണ്ണ നിറത്തിലേക്ക് പ്രദേശം മുഴുവന്‍ മാറുന്ന കാഴ്ച വിവരണങ്ങള്‍ക്ക് അതീതമാണ്. ഇനി ഇവിടുന്ന് താഴേക്ക് നോക്കിയാല്‍ കാണാവുന്ന കാഴ്ചകളും ചില്ലറയൊന്നുമല്ല. നിറയെ തോട്ടങ്ങളും ഇവിടുത്തെ പച്ചപ്പും ഗ്രാമങ്ങളും അടക്കം മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ് വല്ലഭന്‍കുന്ന് തരുന്നത്. ഇതുകൂടാതെ ഇവിടുത്തെ ഏറ്റവും ആകര്‍ഷണം ജഡായുപ്പാറയുടെ കാഴ്ചയാണ്. കൊല്ലം ചടയംഗലത്ത് സ്ഥിതി ചെയ്യുന്ന ജഡായുപ്പാറയില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ് ഉള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 1200 അടി ഉയരത്തില്‍ ആണ് ജഡായു പക്ഷി ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. അതിന്റെ എല്ലാ ഭംഗിയും വല്ലഭന്‍കുന്നില്‍ നിന്നാല്‍ ആസ്വദിക്കാം.