കൊച്ചി : പ്രവാസി ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍. ആകെ 19 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നു വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇന്ന് സര്‍വ്വീസുകള്‍ ഉണ്ടാകും. ദുബായില്‍ നിന്നുള്ള വിമാനം വൈകിട്ട് ആറരയ്ക്ക് നെടുമ്പാശ്ശേരിയിലെത്തും.
മെയ് 16 മുതല്‍ ജൂണ്‍ മൂന്നാം തീയതി വരെയാണ് എയര്‍ ഇന്ത്യ എക്സ് പ്രസ്സും എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. ദുബായ്, അബുദാബി, മസ്‌ക്കറ്റ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം സാന്‍ ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍, പാരീസ്, റോം തുടങ്ങി എട്ടു സ്ഥലങ്ങളില്‍ നിന്നും ഇത്തവണ വിമാനങ്ങള്‍ ഉണ്ടാകും. ചില രാജ്യങ്ങളില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ഡല്‍ഹി , മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും ഇറങ്ങും. നെടുമ്പാശ്ശേരിയിലെത്തുന്നവരെ പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിയാല്‍ അറിയിച്ചു.