പത്തനംതിട്ട : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപെടുവാൻ സാഹചര്യമൊരുക്കിയ പോലീസിന്റേയും പ്രോസിക്യൂഷന്റേയും സർക്കാരിന്റേയും അനാസ്ഥയിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ (ഡിസംബർ 17- ഞായറാഴ്ച്ച) വൈകിട്ട് 4- മണിക്ക് സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ജില്ലാതല ഉദ്ഘാടനം കടപ്ര മണ്ഡലത്തിലെ ആലംതുരുത്തിയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിക്കും.
കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, നേതാക്കളായ മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ. അഡ്വ. എൻ.ഷൈലാജ്, ജോർജ്ജ് മാമ്മൻ കൊണ്ടുർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തുങ്കൽ, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ വിവിധ മണ്ഡലങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്ത് നേതൃത്വം നല്കും. വാളയാർ പീഡന കൊലപാതക കേസിൽ ഉൾപ്പെടെ സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസ്സുകൾ പോലീസിനേയും പ്രോസിക്യൂഷനേയും സ്വാധീനിച്ച് അട്ടിമറിച്ചതുപോലെയാണ് വണ്ടിപ്പെരിയാർ കേസിലും സംഭവിച്ചിരിക്കുന്നതെന്നും ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനും പൊതുജന മനസാക്ഷി ഉണർത്തുന്നതിനുമായിട്ടാണ് നാളെ സായാഹ്ന പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതെന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു.