തിരുവല്ല : സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് പത്തനംതിട്ട ജില്ലയില്‍ ഗംഭീര തുടക്കം. തിരുവല്ല മണ്ഡലത്തില്‍ ഇന്ന് വൈകുന്നേരം ആറിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേര്‍ന്നത്. വേദിയായ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മന്ത്രിസഭ എത്തുന്നതിന് മുന്‍പേ ജനസാഗരം ഒഴുകുകയായിരുന്നു. രാവിലെ മുതല്‍ വേദിയിലേക്ക് ജനങ്ങള്‍ എത്തിത്തുടങ്ങി. മൂന്നു മണിയോടെ വേദിയില്‍ കലാപരിപാടികള്‍ ആരംഭിച്ചു. വേദിയില്‍ കലാപരിപാടികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ തിരുവല്ല പൂരത്തിന്റെ പ്രതീതിയിലായി. തിരുവല്ലയുടെ ചരിത്രത്താളുകളില്‍ സദസ്സിന്റെ ജനസാഗരം എഴുതിച്ചേര്‍ക്കെപ്പെടുകയായിരുന്നു.
തിങ്ങിനിറഞ്ഞ സദസിലേക്ക് ആദ്യമെത്തിയത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും കൃഷിമന്ത്രി പി പ്രസാദും ആയിരുന്നു. ശേഷം വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയും വേദിയിലെത്തി. തുടര്‍ന്ന് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ജനാരവത്തില്‍ വേദി ഹര്‍ഷപുളകിതമായി. കഥകളി രൂപങ്ങളുടേയും ആര്‍പ്പുവിളികളുടേയും മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെയാണ് തിരുവല്ല മുഖ്യമന്ത്രിക്ക് സ്വാഗതം അരുളിയത്. ചടങ്ങില്‍ രാജീവ്ഗാന്ധി ദശലക്ഷം കോളനി പട്ടയം ആനിക്കാട് പനപ്ലാവില്‍ രാധാമണിയമ്മയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. ആര്‍ട്ടിസ്റ്റുമാരായ ഹരിദാസ് കവിയൂര്‍, അഖില്‍ കുറ്റൂര്‍ എന്നിവര്‍ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് ഉപഹാരമായി നല്‍കി.
നവകേരള സദസിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പോലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 20 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.