തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകള്‍ക്കെതിരെയള്ള മോശം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ വ്യക്തമാക്കി.
എന്നാല്‍ മുല്ലപ്പള്ളി രണ്ടാമത്തെ തവണയാണ് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഏറ്റവും മോശം ആക്രമണമാണ് ബലാത്സംഗം. ബലാത്സംഗത്തിന് വിധേയായ സ്ത്രീ മാനാഭിമാനമുള്ളവളാണെങ്കില്‍ മരിക്കണം. ഇല്ലെങ്കില്‍ ഇനി ഉണ്ടാകാതെ നോക്കണമെന്ന മുല്ലപ്പള്ളിയുടെ ഉപദേശത്തെ നിഷ്‌കരുണം തള്ളിക്കളയണം. സ്ത്രീകള്‍ക്കെതിരായ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സ്ത്രീകളുടെ മാനാഭിമാനങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ കേരള സമൂഹത്തിന് ബാധ്യത ഇല്ലേ? ആക്രമണത്തിന് വിധേയായവര്‍ ആത്മഹത്യ ചെയ്യണമെന്നാണോ പറയുന്നത്. സ്ത്രീകള്‍ക്ക് വിധി എഴുതാന്‍ ഇദ്ദേഹം ആരാണ്.- ജോസഫൈന്‍ ചോദിച്ചു.
വനിതാ കമ്മീഷന്റെ ഭാഗത്തുനിന്ന് മുല്ലപ്പള്ളിയ്‌ക്കെതിരെ നടപടിയുണ്ടായേക്കാമെന്ന് സൂചന ഉണ്ട്. സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. ‘ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ‘- എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.