തിരുവല്ല : വനിതാവാരാചരണത്തിന് വിവിധ പരിപാടികളുമായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. പതിനഞ്ച് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ സ്‌കൂള്‍ കരാട്ടെ ക്ലാസില്‍ പങ്കെടുത്ത് പരിശീലനം പൂര്‍ത്തിയാക്കിയ 106 പെണ്‍കുട്ടികള്‍ക്ക് ബെല്‍റ്റ് വിതരണം ചെയ്തു. ആറു മാസമായി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂളുകളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ കരാട്ടേ പരിശീലനം പൂര്‍ത്തീകരിച്ചവരുടെ പ്രദര്‍ശനവും ബെല്‍റ്റ്-സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുജമാകുമാരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ആശാലത അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ് , മെമ്പര്‍മാരായ സാബു ചക്കുമൂട്ടില്‍, വി.കെ ഓമനകുട്ടന്‍ എന്നിവര്‍ സംബന്ധിച്ചു.
പൊതുഇടം എന്റേതും എന്ന കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ നെല്ലാട്, പഴയകാവ് ജംഗ്ഷനുകളിലേക്ക് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള വനിതകളുടെ നടത്തം എന്നിവ സംഘടിപ്പിച്ചു. എല്ലാ വാര്‍ഡുകളിലേയും ഈ കാമ്പയിന്‍ ഏറ്റെടുത്ത് താഴേത്തട്ടുവരെ എത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. 2011 മുതല്‍ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമതിയുടെ വാര്‍ഡ്തല പരിശീലന പരിപാടിയാണ് അടുത്ത പ്രവര്‍ത്തനം. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച ചേരുന്ന പഞ്ചായത്ത് ജാഗ്രതാ സമിതിയില്‍ ഇതിനോടകം അറുന്നൂറിലധികം പരാതികളാണ് തീര്‍പ്പാക്കിയത്. കുടുംബശ്രീ ഗ്രൂപ്പുകളുടേതായി ആരംഭിക്കുന്ന മഴവില്‍ സംരംഭമാണ് നിര്‍വഹണ പുരോഗതിയിലുള്ള പദ്ധതി. പ്രളയത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ അധിക ധനസഹായത്തിന്റെ വിഹിതം ഉള്‍പ്പെടുത്തി ജീവനോപാധി ഉറപ്പാക്കുന്ന 51 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.