തിരുവനന്തപുരം : കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക കലാരൂപങ്ങളുടെ വ്യാപക പ്രചാരണത്തിനു സാങ്കേതികവിദ്യയുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വഴി നടപ്പാക്കുന്ന വര്‍ക്കല രംഗകലാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തേക്കു വിനോദ സഞ്ചാരികള്‍ എത്തുന്നത് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം പരമ്പരാഗത കലകള്‍ ആസ്വദിക്കുകയും വൈവിധ്യമാര്‍ന്ന ഭക്ഷണരീതി പരിചയപ്പെടുകയും ചെയ്യുന്നതിനുകൂടിയാണ്. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ഇതും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഇത്തരം കാര്യങ്ങളെല്ലാം യോജിപ്പിച്ച് ഉള്ള പ്രവര്‍ത്തനമാണ് ടൂറിസം രംഗത്തിന് ആവശ്യം. ഈ ലക്ഷ്യത്തോടെയാണ് വര്‍ക്കലയിലെ രംഗകലാ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.
ടൂറിസം വകുപ്പിന്റെ മൂന്ന് ഏക്കറിലേറെ സ്ഥലം പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കി. 13000 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് രംഗകലാ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. വര്‍ക്കലയുടെ ഭാവി വികസനത്തിന് പദ്ധതി മുതല്‍ക്കൂട്ടാകും. സംസ്കാരവും കലയും സമൂഹത്തിനു നേരേ പിടിച്ച കണ്ണാടികളാണ്. അവയെ പരസ്പര ബന്ധിതമായിത്തന്നെ കാണാന്‍ കഴിയണം. ചരിത്രപരമായ കാരണങ്ങളാലാണ് പല കലാരൂപങ്ങളും ഉയര്‍ന്നുവന്നിട്ടുള്ളത്. വേഷവും ഭാഷയും ഭക്ഷണരീതികളും എല്ലാം ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തുന്നുണ്ട്. 14 ജില്ലകളിലും സാംസ്കാരിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര കലാ കമ്പോളവുമായി കലാകാരന്മാരെ ബന്ധിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. റൂറല്‍ ആര്‍ട്ട് ഹബിന്റെ ഭാഗമായുള്ള സ്വയം സഹായ സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ പ്രത്യേക എക്സിബിഷന്‍ വിപണന കേന്ദ്രവും ആരംഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
രംഗകലാകേന്ദ്രം വളപ്പില്‍ നടന്ന ചടങ്ങില്‍ വി.ജോയി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.പി, രംഗകലാകേന്ദ്രം ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം ലാജി, കയര്‍ അപെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, രംഗകലാകേന്ദ്രം വൈസ് ചെയര്‍മാന്‍ വി.രാമചന്ദ്രന്‍ പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.