ചെന്നൈ : ഹെലികോപ്ടർ അപകടത്തില്‍ പരിക്കേറ്റ ഗ്രുപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്‍റെ തിരിച്ച് വരവിനായി പ്രാർത്ഥനയോടെ രാജ്യം. വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന അദ്ദേഹത്തെ ആവശ്യമെങ്കില്‍ ബംഗളൂരുവിലെക്ക് മാറ്റും. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്.
അതീവ ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് വെല്ലിംങ്ങ്ടണ്‍ സൈനിക ആശുപത്രിയിലെ ഡോക്ടർമാര്‍. ആവശ്യമുണ്ടെന്ന് കണ്ടാല്‍ ബംഗളൂരു കമാന്‍ഡ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റും. ഇതിനായുള്ള എല്ലാം സൗകര്യങ്ങളും വെല്ലിംങ്ങ്ടണില്‍ ഒരുക്കിയിട്ടുണ്ട്.
പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ട കഴിഞ്ഞ വര്‍ഷം വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാർ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കുകയായിരുന്നു.
സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്‍റെ ധീരതയെയും കഴിവിനെയും രാജ്യം ആദരിച്ചത്. വെല്ലിംങ്ങ്ടണ്‍ ഡിഫന്‍സ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് സുലൂരിലേക്ക് പോയത്. വരുണ്‍ സിംഗിന്‍റെ തിരിച്ച് വരവിനായി പ്രാർത്ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.