റാന്നി : വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായി റാന്നി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ, യൂത്ത് കോർഡിനേറ്റർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. സമൂഹത്തിലെ അതിദരിദ്രർ, നിത്യരോഗികൾ, അംഗ പരിമിതർ, തുടങ്ങിയവർക്കാവശ്യമായ സേവനവും പരിരക്ഷയും അർഹരായവരുടെ വീട്ടു വാതിൽക്കൽ എത്തിക്കാനുളള ബ്രഹത്തായ സേവന പദ്ധതി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപകമാക്കുന്നതിൻ്റെ ഭാഗമായിരുന്നു റാന്നി ബ്ലോക്ക് തല പരിശീലനം.
ശില്പശാലയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഗോപി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കില കോർഡിനേറ്റർ വി.കെ രാജഗോപാൽ, സംസ്ഥാന-ജില്ലാ ഫാക്കൽറ്റിമാരായ എം.കെ.വാസു, എൻ.പ്രകാശ്, പി.ആർ.സുരേഷ്, പി.എൻ.മധുസൂദനൻ എന്നിവർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്തു പ്രസിഡൻറുമാരായ റ്റി.കെ.ജയിംസ്, അനിതാ അനിൽകുമാർ ബിന്ദു റെജി, സജി കുളത്തുങ്കൽ, ബീനാ ജോബി, ലതാ മോഹൻ, ശോഭാ ചാർളി എന്നിവര്‍ പ്രസംഗിച്ചു.