വത്തിക്കാന്‍സിറ്റി : സഭയുടെ പണമെടുത്ത് സഹോദരങ്ങളുടെ പേരില്‍ ആഡംബര കെട്ടിടങ്ങള്‍ വാങ്ങിയെന്ന് ആരോപണം നേരിട്ട കര്‍ദിനാള്‍ ജിയോവന്നി ആഞ്ചയോ ബെക്കിയു (72)വിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അധികാര സ്ഥാനത്തുനിന്ന് പുറത്താക്കി. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം കര്‍ദിനാള്‍ രാജിവയ്ക്കുകയായിരുന്നു. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ഉന്നത പദവി വഹിച്ചിരുന്നയാളാണ് കര്‍ദിനാള്‍ ജിയോവന്നി. വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്ന തിരുസംഘത്തിലെ അധ്യക്ഷനായിരുന്നു കര്‍ദിനാള്‍ ജിയോവന്നി. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്.
കര്‍ദിനാള്‍ ജിയോവന്നിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വത്തിക്കാന്‍ അന്വേഷണം നടത്തിവരികയായിരുന്നു. സഭയുടെ പണമെടുത്ത് സഹോദരങ്ങളുടെ പേരില്‍ ലണ്ടനില്‍ ആഡംബര കെട്ടിടങ്ങള്‍ വാങ്ങിയെന്നാണ് കര്‍ദിനാളിനെതിരായ ആരോപണം.
എന്നാല്‍ സഭയുടെ ഒരു യൂറോ പോലും താന്‍ കവര്‍ന്നിട്ടില്ലെന്ന് കര്‍ദിനാള്‍ ജിയോവന്നി ഇറ്റാലിയന്‍ വെബ്‌സൈറ്റായ ഡോമനിയോട് പ്രതികരിച്ചു. തനിക്കെതിരെ അന്വേഷണവും നടന്നിട്ടില്ല. അവര്‍ തന്നെ വിചാരണയ്ക്ക് വിട്ടാല്‍ തന്റെ ഭാഗം തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു.
വത്തിക്കാന്റെ നടപടി ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ വരെ താന്‍ പോപ്പിന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിനു വേണ്ടി വിശ്വസ്തതയോടെ ഭരണം നിര്‍വഹിച്ചിരുന്നു. താന്‍ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന ഒരു റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റുകളില്‍ നിന്ന് പോപ്പിന് ലഭിച്ചു. അതോടെ തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞുവെന്നും കര്‍ദിനാള്‍ ജിയോവന്നി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പോപ്പ് തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് എല്ലാം വിശദീകരിക്കാന്‍ താന്‍ തയ്യാറാണ്. തെറ്റായി ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും കര്‍ദിനാള്‍ ജിയോവന്നി പറഞ്ഞു.