പാലക്കാട് : കണ്ണൂർ സർവ്വകലാശാല വി സി നിയമന വിവാദത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ആരോപിച്ചു. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടത് ഗവർണറും സർക്കാരുമാണ്. ഗവർണ്ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല.
രാഷ്ട്രീയ കക്ഷിയുടെ ഇടപെടൽ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് മാത്രമല്ല ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അത് ഏത് അവസരത്തിൽ എന്ന് ഗവർണ്ണർ വ്യക്തമാക്കണമെന്നും എ കെ ബാലൻ പറഞ്ഞു. ഗവർണ്ണറുടെ ചാൻസലർ പദവി ഒരു ഭരണഘടനാ പദവിയല്ല. ഗവർണ്ണറോട് യൂണിവേഴ്സിറ്റി നിയമങ്ങൾ മറികടന്ന് ഒന്നും ചെയ്യാൻ സർക്കാർ പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്.
പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ ഇതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കണ്ണൂർ വി.സി നിയമനം നിയമപരമായി ചെയ്തതാണ്. ഗവർണറും അത് അംഗീകരിച്ചതാണ്. ഇപ്പോൾ അത് നിയമപ്രകാരമല്ലെന്ന് പറയുന്നത് ഗവർണർക്ക് ഗുണകരമാവില്ല. ഈ പ്രശ്‌നത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല. സംസ്ഥാന ഗവർണ്ണർമാരെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിന് മുൻ ഗവർണ്ണർ ജസ്റ്റീസ് സദാശിവനും ആരിഫ് മുഹമ്മദ് ഖാനും നിന്ന് കൊടുത്തിട്ടില്ല.
ഗവർണ്ണറും ഗവൺമെന്റും ചെയ്തത് നിയമ പരമാണ്. പിന്നെ എന്തിനാണ് വിവാദമുണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നിലവിലെ പ്രശ്നത്തെ ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായി കേരളീയ സമൂഹം കാണില്ല. ബന്ധു നിയമന വിഷയത്തിൽ വസ്തുതാ വിരുദ്ധമായ വാർത്തകളാണ് സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത്. സി പി എം. നേതാക്കളുടെ ഭാര്യമാർ അനധികൃത നിയമനം നേടുന്നതായി പ്രചാരണം നടത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എം ബി രാജേഷ് ജയിച്ചതോടെ കാലടി സർവ്വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദം ഇല്ലാതായി. താലിബാൻകാർ പോലും ഉയർത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്ലീം ലീഗ് സമ്മേളനത്തിലുണ്ടായത്. മുസ്ലിം സമുദായത്തിനിടയിൽ പി കെ കുഞ്ഞാലിക്കുട്ടിയെക്കാൾ പിന്തുണ പിണറായി വിജയന് ഉണ്ട്. കാവിക്കാർ പിണറായിയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട് നടന്നിട്ടില്ല.
ഇനി പച്ചക്കാർ വിചാരിച്ചാലും നടക്കില്ല. മുദ്രാവാക്യം വിളിക്കുമ്പോൾ സൂക്ഷിച്ച് വിളിച്ചാൽ മതി. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോൾ തലയ്ക്ക് സൂക്കേട് വന്നതാണ് എന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു.