ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. വോട്ടെടുപ്പിനിടയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബില്ല് കീറി. സഭ സ്തംഭിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം, പിന്നീട് മൈക്ക് തട്ടിമാറ്റി, കയ്യാങ്കളിയില്‍ അവസാനിച്ചു.
എന്നാല്‍ കാര്‍ഷിക ബില്ലുകളെ സിപിഎം ഉപാധികളോടെ പിന്തുണക്കാമെന്ന് സിപിഐ രാജ്യസഭയില്‍ മുന്നോട്ടുവെച്ചു. മിനിമം താങ്ങുവില ഉറപ്പാക്കിയാല്‍ പിന്തുണ നല്‍കാമെന്ന് ബിനോയ് വിശ്വം എം പി വ്യക്തമാക്കി. ബില്ലുകള്‍ സിലക്‌ട് കമ്മറ്റിക്ക് വിടണമെന്ന് സിപിഎമ്മും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ജെഡിയു എന്നിവര്‍ ബില്ലിനെ പിന്തുണച്ചു.
പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മേല്‍നോട്ടമുള്ള വിപണികള്‍ക്കായുള്ള എപിഎംസി നിയമം കേരളത്തില്‍ ഇല്ലാത്തതെന്തെന്ന് ബിജെപി രാജ്യസഭയില്‍ ചോദിച്ചു. പ്രതിപക്ഷത്തിന്‍റെ കര്‍ഷകസ്നേഹം പൊള്ളയാണെന്ന് വാദിക്കാനാണ് കേരളത്തെ ഉദാഹരിച്ചത്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെഡി സിലക്‌ട് കമ്മിറ്റിക്ക് വിട്ട് സമയവായമുണ്ടാക്കണമെന്ന് നിലപാടുമായി രംഗത്ത് എത്തി. എന്നാല്‍ കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന് അണ്ണാ ഡിഎംകെയും ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വിശ്വാസ്യതക്കുറവുണ്ടായെന്ന് അകാലിദള്‍ കുറ്റപ്പെടുത്തി. കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും താങ്ങുവിലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ബില്‍ അവതരിപ്പിച്ച കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.