കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ അന്വേഷണത്തിന്റെ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ എതിര്‍ സത്യവാങ്മൂലം പോലും നല്‍കാതെ ഹര്‍ജിയുമായി എത്തിയതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. കേസില്‍ ഇന്ന് വാദത്തിന് തയ്യാറാണോ എന്ന് സിബിഐ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ വാദത്തിന് തയ്യാറല്ലെന്നും കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി. അത് സിബിഐ ഡയറക്ടറുടെ അംഗീകാരത്തിന് നല്‍കിയിരിക്കുന്നു എന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസില്‍ ഹാജരാകണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം തയ്യാറാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഈ ഘട്ടത്തില്‍ കേസില്‍ ഒരു എതിര്‍ സത്യവാങ്മൂലം പോലും ഫയല്‍ ചെയ്യാതെ കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കേസ് ഇന്ന് തന്നെ പരിഗണക്കാന്‍ കോടതി തയ്യാറായിരുന്നു. പക്ഷേ എതിര്‍ സത്യവാങ്മൂലം പോലുമില്ലാതെ ഹര്‍ജിയുമായി എന്തിന് വന്നു എന്നതായിരുന്നു കോടതിയുടെ ചോദ്യം. ഈ ഘട്ടത്തില്‍ എങ്ങനെ കേസ് നേരത്തെ കേള്‍ക്കുമെന്നും കോടതി ചോദിച്ചു.
സിബിഐയുടെ ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ കെ.ബി. വിശ്വനാഥന്‍ ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്താനാണ് ഹര്‍ജിയുമായി സമീപിച്ചത്. കേസില്‍ ഇപ്പോള്‍ സ്‌റ്റേ നിലവിലുണ്ട്. അതില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പോലും സിബിഐ തയ്യാറായിട്ടില്ല എന്നിട്ടും വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് വാര്‍ത്തയുണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരാകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം സിബിഐയ്ക്ക് പുതിയ ഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി നിലപാടെടുത്തു.