തിരുവനന്തപുരം: വനം മാഫിയയെ സഹായിക്കുന്ന ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വനം മാഫിയക്ക് മരം മുറിക്കുന്നതിന് നല്‍കിയ ലൈസന്‍സ് ആണ് ഒക്ടോബര്‍ 24ന് പുറത്തിറക്കിയ ഉത്തരവ്. നിലവിലെ നിയമങ്ങളെയും ചട്ടങ്ങളെയും വളച്ചൊടിച്ചാണ് ഉത്തരവിറക്കിയതെന്നും സതീശന്‍ പറഞ്ഞു.
വിവാദ ഉത്തരവില്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു എന്നിവര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഈട്ടി, തേക്ക് എന്നീ മരങ്ങള്‍ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാന്‍ നിര്‍ദേശം നല്‍കിയതും മുന്‍ മന്ത്രിയാണ്. വിഷയത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും നടപടിക്രമങ്ങളില്‍ വ്യക്തമാകുന്നു.
21/10/2019ല്‍ നിയമ വകുപ്പിന്റെയും അഡീഷണല്‍ എ.ജിയുടെയും അഭിപ്രായം തേടി മുന്‍ മന്ത്രി ചന്ദ്രശേഖരന്‍ ഫയലില്‍ കുറിച്ചിരുന്നു. എന്നാല്‍ 05/10/2020 നിയമ വകുപ്പിന്റെ മറുപടി ലഭിക്കും മുമ്പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഈട്ടി, തേക്ക് എന്നീ മരങ്ങള്‍ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാന്‍ നിര്‍ദേശം നല്‍കിയതും മുന്‍ റവന്യൂ മന്ത്രിയാണ്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരുന്നു.