തിരുവനന്തപുരം : ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാള്‍ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോടിയേരി പറഞ്ഞത് നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ്. ദുരൂഹതയുള്ള കേസ് ആണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി അതിജീവിതയെ കണ്ടതെന്നും സതീശന്‍ ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചു. അതിജീവിത ഹൈകോടതിയെ സമീപിച്ചതിനെ യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെച്ചു. ശരിയായ രീതിയില്‍ കേസിന്റെ അന്വേഷണം നടക്കണമെന്നും മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട നടിയെ കണ്ടതിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.
തുടരന്വേഷണത്തിന്റെ സമയപരിധി കഴിയുന്നത് കൊണ്ടാണ് നടി കോടതിയെ സമീപിച്ചത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കോടതിയില്‍ പോയാല്‍ മതിയെന്ന് തീരുമാനിക്കാന്‍ ഈ സാഹചര്യത്തില്‍ സാധിക്കുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും എം.എം മണിയും ആന്റണി രാജുവും നടിയെ അപമാനിച്ചതിന് മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.