തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആശ്രയമാകാനുള്ള കമ്മീഷനില്‍ സ്ത്രീസമൂഹത്തിനുള്ള വിശ്വാസമാണ് തകര്‍ത്തത്. അത് അവരുടെ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായി പ്രതികരിച്ചതാണ് എം.സി ജോസഫൈനെതിരെ വിമര്‍ശനമുയര്‍ത്തിയത്. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി ഒരു ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പ്രതികരണം.
എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി. എന്ത് കൊണ്ട് പോലിസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്റെ ചോദ്യത്തിന് ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി മറുപടി നല്‍കി. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് എം.സി.ജോസഫൈന്‍ പ്രതികരിച്ചത്. തുടക്കം മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോടും രൂക്ഷമായി പ്രതികരിച്ചു.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് അവര്‍ പിന്നീട് പരാതിക്കാരിയോട് പറഞ്ഞു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നുമാണ് ജോസഫൈന്‍ പറഞ്ഞത്. ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചാനല്‍ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.