തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് തന്നെ തുടരും.
സതീശനെ പിന്തുണയ്ക്കണമെന്ന് സോണിയ ഗാന്ധി ഇന്നലെ ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചിരുന്നു. ഹൈക്കമാന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എല്ലാ പിന്തുണയും ഉണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ചത്.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് തന്നെ തുടരും. ചരിത്രവിജയവുമായി തുടർഭരണത്തിലെത്തിയ സർക്കാരിനെ പിണറായി വിജയൻ നയിക്കുമ്പോഴാണ് പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വിഡി സതീശൻ എത്തുക. വമ്പൻ തെരഞ്ഞെടുപ്പ് തോൽവിക്കും പ്രതിപക്ഷനേതാവിന്റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയിൽ നിന്നുയരുന്ന വിമർശനങ്ങളെ നേരിടൽ വെല്ലുവിളിയാണ്.