കൊച്ചി : ഒരു ഫോട്ടോയുടെ പേരിൽ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓരോ മനുഷ്യനും അവന്‍റെ ജീവിതകാലം മുഴുവൻ കഠിനദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പ്രതിച്ഛായയാണ് മാധ്യമ വിചാരണ ചെയ്ത് ഇല്ലാതാക്കുന്നത്. ഒരു ഫോട്ടോ കാണിച്ച് ഒറ്റ ദിവസം കൊണ്ട് പ്രതിച്ഛായ തട്ടിത്തെറിപ്പിക്കുന്നതിനോട് യോജിപ്പില്ല. തട്ടിപ്പിൽ രാഷ്ട്രീയക്കാരോ സെലിബ്രിറ്റികളോ ഉണ്ടെങ്കിൽ പോലീസ് അന്വേഷിക്കട്ടെ എന്നും സതീശൻ പറഞ്ഞു.
മോൻസണിന് മുൻ മന്ത്രി സുനിൽ കുമാർ അവാർഡ് നൽകുന്നതും മന്ത്രി റോഷി അഗസ്റ്റിൻ ഒപ്പം നിൽകുന്നതുമായ ചിത്രങ്ങളുണ്ട്. എന്നാൽ അവരെല്ലാം തട്ടിപ്പിൽ പ്രതികളാണെന്ന് തങ്ങൾ പറയണമോ എന്ന് സതീശൻ ചോദിച്ചു. കേരളത്തിലെ പ്രതിപക്ഷം അനാവശ്യ ആരോപണം ആർക്കെതിരെയും ഉന്നയിക്കില്ല. അത്തരത്തിൽ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും സതീശൻ വ്യക്തമാക്കി. തട്ടിപ്പ് കേസിനെ ആ രീതിയിൽ കാണണം. ഇതിൽ കെപിസിസി അധ്യക്ഷന് ബന്ധമില്ല. തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടിച്ചാൽ അയാളുടെ കൂടെ ജീവിതകാലത്ത് ഫോട്ടോ എടുത്തവരെ എന്തിന് വലിച്ചിഴക്കുന്നത്. അവരെങ്ങനെ കേസിലെ പ്രതികളാകും. തട്ടിപ്പ് നടത്തിയതിൽ പങ്കുണ്ടെങ്കിൽ ഡിജിപിയോ മുൻ ഡിജിപിയോ ആണെങ്കിലും നിയമത്തിന് മുമ്പിൽ കൊണ്ടുവരട്ടെ എന്നും സതീശൻ വ്യക്തമാക്കി.
മോൻസൺ മാവുങ്കലിൽ നിന്ന് സുധാകരൻ ചികിത്സ തേടിയിട്ടുണ്ട്. അയാളുടെ വീട്ടിൽ സുധാകരൻ പോയിട്ടുണ്ട് എന്നാൽ താമസിച്ചിട്ടില്ല. മോൻസണിന്‍റെ വീട്ടിൽ 10 ദിവസം താമസിച്ചിട്ടുണ്ടെന്ന തെറ്റായ പ്രചരണം മാധ്യമങ്ങളിലൂടെ നടക്കുകയാണ്. മോൻസൺ പുരാവസ്തു പ്രദർശനവും ചികിത്സയും യഥാർഥത്തിൽ നടത്തുകയാണെന്ന് കരുതിയാണ് സിനിമ താരങ്ങൾ അടക്കമുള്ളവർ പോയിട്ടുള്ളത്. അനാവശ്യമായി വിവാദത്തിൽ വലിച്ചിഴക്കുകയാണെന്നും ഇത് രാഷ്ട്രീയമായി ആർക്കും നല്ലതല്ലെന്നും സതീശൻ പറഞ്ഞു.
വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും പൊതുപരിപാടികളിലും പോകുമ്പോൾ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിരവധി പേർ വരാറുണ്ട്. ഫോട്ടോക്ക് തയാറായില്ലെങ്കിൽ ജാഡയാണ് അഹങ്കാരമാണ് എന്ന് പറയും. അത്തരക്കാരെ കവർച്ചാ കേസിലോ കഞ്ചാവ് കേസിലോ സ്വർണക്കടത്ത് കേസിലോ പിടിച്ചാൽ താൻ ഉൾപ്പെടെയുള്ളവർ ചിരിച്ചു നിൽകുന്ന ഫോട്ടോ മാധ്യമങ്ങൾ നൽകും. അങ്ങനെ ഒന്നും ഒരു പൊതുപ്രവർത്തകനെയും രാഷ്ട്രീയക്കാരനെയും വഷളാക്കാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.