കോഴിക്കോട് : സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ സെക്രട്ടിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ കോടിയേരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ചുകൊണ്ടാണ് വിഡി സതീശന്‍ രംഗത്തെത്തുന്നത്. രമേശ് ചെന്നിത്തല ആര്‍എസ്‌എസ് സര്‍സംഘ് ചാലക് ആണെന്നും ആര്‍എസ്‌എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഡി സതീശന്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
‘ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരം താണ രഷ്ട്രീയമാണ് കോടിയേരിയുടേത്.
സ്വര്‍ണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നില്‍ക്കുകയും ചെയ്യുന്ന എടാ കൂടത്തില്‍ നിന്ന് എങ്ങിനെയെങ്കിലും ചര്‍ച്ച മാറ്റിക്കൊണ്ടുപോകാനുള്ള സ്ഥാശ്രമം. കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിന്‍തള്ളി കേരളത്തില്‍ മുഖ്യപ്രതിപക്ഷമാകാന്‍ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനം. ലാവ്‌ലിന്‍ കേസിലും സ്വര്‍ണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സര്‍ക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനില്‍ക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമം.
സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സര്‍ക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോള്‍ കോടിയേരിക്ക് പിണറായിയുടെ മുന്നില്‍ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കണ്ടെ.
സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് വേണ്ട.