പത്തനംതിട്ട : അപകട പരമ്പരയുമായി കുമ്പഴ ജംഗ്ഷന്‍. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലെ തിരക്കേറിയ ജംഗ്ഷനാണ് കുമ്പഴ. ഒരു വശത്ത് തിരുവല്ല – കുമ്പഴ സ്റ്റേറ്റ് ഹൈവേ ചേരുമ്പോള്‍ മറുവശത്ത് മലയാലപ്പുഴ – കുമ്പഴ റോഡും സംഗമിക്കുന്നു. ഇവിടെ ദിവസേന അപകടം നടക്കുകയാണ്. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് നാലും കൂടിയ ഒരു ജംഗ്ഷന്‍നാണിതെന്ന് പെട്ടെന്ന് മനസ്സിലാക്കുവാന്‍ കഴിയില്ല. ഹൈവേയുടെ പണി ഏറെക്കുറെ തീര്‍ന്നെന്നു പറയുമ്പോഴും തിരക്കേറിയ ഈ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട നഗരസഭ ഇവിടെ ഒരു സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിരുന്നു. പിന്നീട് പ്രവര്‍ത്തനരഹിതമായതോടെ നഗരസഭ തന്നെ അത് പിഴുതെടുത്തുകൊണ്ടുപോയി. പിന്നീട് ഇതേ സ്ഥാനത്ത് അതായത് റോഡിന്റെ മധ്യഭാഗത്ത് ഒരു ഹൈമാസ്റ്റ് നഗരസഭ തന്നെ കുഴിച്ചുവെച്ചു. പുതുമോടിക്ക് ഭംഗം വരാതെ ഇത് കുറച്ചുനാള്‍ വെളിച്ചം തന്നു. മാസങ്ങളായി ഇത് കത്തുന്നില്ല. റോഡിന്റെ നടുവില്‍ നോക്കുകുത്തിയായി ജനങ്ങളെനോക്കി പല്ലിളിച്ചുകൊണ്ട് ഇപ്പോഴും ഇത് തലയുയര്‍ത്തി നില്‍ക്കുന്നു . രാത്രിയായാല്‍ ജംഗ്ഷന്‍ ഇരുട്ടിലാണ്…അല്ല കൂരിരുട്ടിലാണ്. പത്തനംതിട്ട റോഡില്‍ നിന്നും മലയാലപ്പുഴ റോഡില്‍ നിന്നും ഹൈവേയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ ഇതുമൂലം അപകടത്തില്‍പ്പെടുകയാണ്. മാസത്തില്‍ കുറഞ്ഞത് 15 അപകടങ്ങളെങ്കിലും ഇവിടെ നടക്കുന്നു. പലര്‍ക്കും ഗുരുതരമായ പരിക്കുകളും സംഭവിക്കുന്നു.
പത്തനംതിട്ട നഗരത്തിന്റെ ഉപനഗരം എന്നപേരില്‍ എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികളാണ് നഗരസഭ ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലായ്മയുടെ നൂറുനൂറു കഥകളാണ് ഇവിടെ ഉയരുന്നത്. തിരക്കേറിയ കുമ്പഴ ജംഗ്ഷനില്‍ വെളിച്ചമില്ല, സിഗ്നല്‍ ലൈറ്റ് ഇല്ല, മാര്‍ക്ക് ചെയ്ത ബസ്സ് സ്റ്റോപ്പുകളോ ബസ്സ് യാത്രക്കാര്‍ക്ക് കാത്തിരിക്കാന്‍ വെയിറ്റിംഗ് ഷെഡ്‌കളോ ഇവിടെയില്ല, മാലിന്യം നിറഞ്ഞൊഴുകി കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയ ഓടകള്‍, കാല്‍നട യാത്രക്കാര്‍ക്കുള്ള ഫുട്ട് പാത്തുകള്‍ പലയിടത്തും വ്യാപാരികള്‍ കയ്യേറിക്കഴിഞ്ഞു, നട്ടുച്ചയ്ക്ക് പോലും റോഡുകള്‍ കയ്യടക്കുന്ന തെരുവുനായകള്‍, തട്ടുകടകളുടെ പ്രവര്‍ത്തനം മൂലം കുമ്പഴ – മലയാലപ്പുഴ റോഡില്‍ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക്, തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മൂലമുണ്ടാകുന്ന ഗതാഗത തടസ്സം…തുടങ്ങിയ നിരവധി പരാതികളാണ് കുമ്പഴയിലെ നര(ഗ)ക വാസികള്‍ക്കുള്ളത്.
കോന്നിയിലും റാന്നിയിലും എം.എല്‍.എയും എം.പിയും തമ്മില്‍ മത്സരിച്ച് വെയിറ്റിംഗ് ഷെഡ്‌കള്‍ സ്ഥാപിച്ചപ്പോള്‍ തിരക്കേറിയ കുമ്പഴ ജംഗ്ഷനില്‍ ഒരു വെയിറ്റിംഗ് ഷെഡ് പോലും ആരും സ്ഥാപിച്ചില്ല. റാന്നി റോഡില്‍ ഒരേ സ്ഥലത്ത് രണ്ടും മൂന്നും വെയിറ്റിംഗ് ഷെഡ്‌കള്‍ കാണാം. കുമ്പഴയുടെ കാര്യത്തില്‍ എം.പി ആന്റോ ആന്റണി മൌനം പാലിച്ചപ്പോള്‍ ആറന്മുള എം.എല്‍.എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ്ജ് സ്വന്തം ജന്മനാടായ കുമ്പഴയെ പൂര്‍ണ്ണമായി അവഗണിച്ചു എന്നുവേണം പറയാന്‍. പിച്ചവെച്ച് നടന്ന കുമ്പഴയിലെ റോഡുകള്‍ മനുഷ്യരക്തം കൊണ്ട് ചുവന്നപ്പോഴും ഇവര്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു.
പത്തനംതിട്ട നഗരസഭയ്ക്ക് ചില കാര്യങ്ങളിലെങ്കിലും പരിഹാരം ഉണ്ടാക്കുവാന്‍ കഴിയുമെങ്കിലും ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈനും കണ്ണടച്ച മട്ടാണ്. പത്തനംതിട്ട നഗരസഭയിലെ 14, 15,16,17,18,19,20,21 വാര്‍ഡുകള്‍ കുമ്പഴ പ്രദേശത്താണ്. കുമ്പഴ ജംഗ്ഷന്‍ 15, 20, 21 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ്. വാര്‍ഡ് 15 ലെ ജനപ്രതിനിധി ഇന്ദിരാമണിയമ്മയാണ്. ഇവര്‍ പത്തനംതിട്ട നഗരസഭയുടെ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആണ്. വാര്‍ഡ് 20 ലെ കൌണ്‍സിലര്‍ വിമലാ ശിവന്‍ ആണ്. നഗരസഭയുടെ വൈസ് ചെയര്‍പേഴ്സണ്‍ ആയ ആമിനാ ഹൈദരാലിയാണ് വാര്‍ഡ് 21 ലെ കൌണ്‍സിലര്‍. ഇവര്‍ ആരുംതന്നെ കുമ്പഴ ജംഗ്ഷന്റെ പരാധീനതകളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഇവരുടെയൊക്കെ സ്ഥാനലബ്ധി എങ്ങനെയെന്ന് ഇപ്പോള്‍ പറയുന്നില്ല.
കുമ്പഴ പ്രദേശത്തെ ജനങ്ങള്‍ക്ക് ഇടപാടുകള്‍ നടത്തുവാന്‍ വേണ്ടി നഗരസഭയുടെ ഒരു അനുബന്ധ ഓഫീസ് ഇവിടെ രണ്ടുപ്രാവശ്യം ഉദ്ഘാടനം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. രണ്ടുപ്രാവശ്യവും അന്ത്യകൂദാശ ഒരാഴ്ചക്കുള്ളില്‍ നടന്നു. മലയാലപ്പുഴ റോഡില്‍ നഗരസഭ പണിതീര്‍ത്ത കെട്ടിടം ഇടിച്ചു പൊളിച്ച് അനാഥപ്രേതം പോലെയാക്കി ഇട്ടിരിക്കുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതെന്തിനാണ് ചെയ്തതെന്ന് നഗരസഭക്കും കുമ്പഴയിലെ കൌണ്‍സിലര്‍മാര്‍ക്കും തീരെ അറിയില്ല. കുമ്പഴ ജംഗ്ഷനിലെ ഓപ്പന്‍ സ്റ്റേജിനു സമീപം ലക്ഷങ്ങള്‍ തുലച്ചുനിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം “വഴിയിടം ” വഴിയാധാരമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കുമ്പഴയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ തോന്നുന്നപക്ഷം ദൈവത്തെ വിളിക്കുക മാത്രമേ പോംവഴിയുള്ളൂ. ഒത്ത ജംഗ്ഷനില്‍ത്തന്നെ കുരിശുംമ്മൂടും അമ്പലത്തിന്റെ വഞ്ചിയുമുണ്ട്…>>> തുടരും.