തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി വീണാ ജോര്‍ജ്. നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കുമെന്നും നിരന്തരം നുണകള്‍ പറയുന്ന ആളാണ് വി ഡി സതീശന്‍ എന്നും വീണാ ജോര്‍ജ് പറഞ്ഞു. സാധാരണ പറയുന്ന വിഷയത്തിലെ നുണകള്‍ പോലെയല്ല ഇതിലെ സ്ഥിതി. ഇത് സംസ്ഥാനത്തെ ബാധിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള ബന്ധം സി എം മറയ്ക്കാന്‍ ശ്രമിക്കുന്നു. നവകേരള സദസ്സിന് മുമ്പും മുഖ്യമന്ത്രിക്ക് മയക്കുമരുന്ന് കേസിലെ പ്രതിയുമായി ബന്ധമുണ്ട്. വീഡിയോകളും ഫോട്ടോകളും തെളിവുകളായുണ്ട്. മയക്കുമരുന്ന് കേസിലെ പ്രതി തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിക്കുള്ളില്‍ മയക്കുമരുന്ന് കേസിലെ പ്രതി എങ്ങനെ സ്വാതന്ത്ര്യത്തോടെ എത്തി. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സര്‍ക്കാര്‍ ചോദ്യമുനയില്‍ നില്‍ക്കുന്ന സാഹചര്യമാണ്. ആര് പറഞ്ഞാണ് വാര്‍ത്തകള്‍ നീക്കിയതെന്ന് മെറ്റ പറയണം. മെറ്റയുടെ വിശദീകരണം പ്രസിദ്ധീകരിക്കണം. സര്‍ക്കാര്‍ സംശയമുനയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെയാണ് വ്യക്തത വരുത്തേണ്ടത്. ഒരിടത്ത് വാര്‍ത്ത നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് പേര്‍ ആ വാര്‍ത്തയ്ക്ക് വേണ്ടി ശബ്ദിക്കും എന്നും വീണാ ജോര്‍ജ് പറഞ്ഞു. ചാര്‍ട്ടേഡ് വിമാനത്തില്‍ മുഖ്യമന്ത്രി എങ്ങോട്ടാണ് പോയതെന്നും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ഹെലികോപ്റ്ററില്‍ പോയി കണ്ട ആ നിക്ഷേപകന്‍ ആരാണെന്നും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും ഒരേപോലെയാണ്. മുഖ്യമന്ത്രിക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന എഫ് ബി കാര്‍ഡുകള്‍ മാത്രം എന്തുകൊണ്ട് മെറ്റ നീക്കം ചെയ്തു. മയക്കുമരുന്ന് കേസിലെ പ്രതിയുമായി ബന്ധപ്പെട്ട കാര്‍ഡുകളാണ് നീക്കം ചെയ്തത്. മാധ്യമ അടിയന്തരാവസ്ഥയാണിത്. മെറ്റാ പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ മാധ്യമങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കൊടുത്തോളൂ എന്നല്ല മുഖ്യമന്ത്രി പറയേണ്ടത്. ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്യുമ്പോള്‍ പതിനായിരക്കണക്കിന് ആളുകള്‍ അതേ കാര്‍ഡ് എടുത്ത് റീപോസ്റ്റ് ചെയ്യും. ഒരിടത്ത് വാര്‍ത്ത നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ആ വാര്‍ത്തക്ക് വേണ്ടി ശബ്ദിക്കും. മാധ്യമസ്വാതന്ത്ര്യ വിഷയത്തില്‍ സര്‍ക്കാര്‍ ചോദ്യ മുനയിലാണ്. ആര് പറഞ്ഞിട്ടാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് മറ്റെയോട് സര്‍ക്കാര്‍ ഔദ്യോഗികമായി ചോദിക്കണം എന്നും വീണാ ജോര്‍ജ് ആവര്‍ത്തിച്ചു.





























