തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ തുടരുമെന്ന് മന്ത്രി വീണ ജോര്‍ജ്. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ പി സൗകര്യം നിലനിര്‍ത്തും. ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്‌പെഷ്യാലിറ്റി സൗകര്യം നിലനിര്‍ത്തും. തീയണച്ച ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിശമന സേന ബ്രഹ്മപുരത്ത് തുടരുന്നുണ്ട്. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായ ഘട്ടത്തില്‍ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോള്‍ ഏറ്റവും അവസാനം തീയണച്ചത് സെക്ടര്‍ ഏഴിലാണ്. ഇതേ സ്ഥലത്താണ് ഇന്ന് തീ പടര്‍ന്നത്.