തിരുവനന്തപുരം : കോവിഡ് മരണങ്ങള്‍ മനപ്പൂര്‍വ്വം മറച്ചുവെച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കാലതാമസമില്ലാതെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യൂ.എച്ച്.ഒ, ഐ.സിഎം.ആര്‍ മാര്‍ഗനിര്‍ദേശമാണ് മരണം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാനം പിന്തുടരുന്നത്. കോവിഡ് മരണങ്ങള്‍ മാനദണ്ഡ പ്രകാരമല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പരാതികള്‍ രേഖാമൂലം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരണം ആശുപത്രിയില്‍ നിന്നുതന്നെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും പരിശോധിക്കുന്ന ഡോക്ടര്‍ തന്നെയാണ് ഇപ്പോള്‍ മരണം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 16 മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഡോക്ടര്‍മാര്‍ അല്ല മരണം സ്ഥിരീകരിക്കുന്നത് എന്ന ആരോപണത്തില്‍ മന്ത്രി പ്രതികരിച്ചു.
പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ സംസ്കാരങ്ങളുടെ കണക്കനുസരിച്ച് മരണങ്ങളുടെ എണ്ണം കണക്കാനാകില്ല. മെഡിക്കല്‍ കോളജുകളിലേയും ജില്ലയിലേയും മരണക്കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള മാനദണ്ഡം കേന്ദ്രം മാറ്റിയാല്‍ അത് പിന്തുടരും. മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല ആരോഗ്യവിദഗ്ധരാണെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം മരണസര്‍ട്ടിഫിക്കറ്റിനായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി ഉറപ്പു നല്‍കി.