കോഴിക്കോട് : നിപ വ്യാപന ഭീതി ഒഴിയുന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന 16 ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതുവരെ പരിശോധിച്ച 46 ഫലങ്ങളും നെഗറ്റീവായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 62 പേരാണ്. ഇതില്‍ നിപ ലക്ഷണങ്ങളുള്ളത് 12 പേര്‍ക്കാണ്. 4995 വീടുകളിലെ 27536 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 44 പേര്‍ക്ക് പനിയുണ്ട്. നിപ കാരണം കണ്ടെയ്ന്‍മെന്‍റ് സോണില്‍ അല്ലാത്ത സ്ഥലങ്ങളില്‍ വാക്സിനേഷന്‍ തുടരും. 265 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും മന്ത്രി അറിയിച്ചു. വവ്വാലുകളുടെ അഞ്ച് സാംപിളുകളും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
നേരത്തെ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച അഞ്ച് പേരുടെ സാമ്പിളുകളുടെ ഫലം ഉള്‍പ്പെടെ ഇരുപത് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായിരുന്നു. 15 പേരുടെ പരിശോധന നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയ പ്രത്യേക ലാബിലാണ്. ഇതുള്‍പ്പെടെ ഇരുപത് ഫലങ്ങളാണ് നെഗറ്റീവായത്. ഇതോടെ മരിച്ച കുട്ടിയുമായി സമ്ബര്‍ക്കം ഉണ്ടായിരുന്ന 30 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായി.
കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ള 17 പേരില്‍ നാലുപേര്‍ക്ക് മാത്രമാണ് ചെറിയതോതില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായത്. ഇവര്‍ ഉള്‍പ്പെടെ ആകെ 58 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 21 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി പുറത്ത് വരും.
കുട്ടിയുമായി വളരെ അടുത്ത സമ്പര്‍ക്കമുള്ള കൂടുതല്‍ പേര്‍ നെഗറ്റീവാണെന്നുള്ളത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ ഒരേസമയം 96 പേരുടെ പരിശോധന നടത്തുവാനുള്ള സജ്ജീകരണമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനയ്ക്ക് ഒപ്പം കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ ഉളളവരുടെ സാംബിളുകള്‍ പൂനെയിലേക്ക് അയച്ച ശേഷമായിരിക്കും അന്തിമമായി ഫലം പുറത്ത് വിടുകയെന്നും മന്ത്രി അറിയിച്ചു.